Thursday, February 12

പക്ഷേക്ക് ശേഷം...

പക്ഷേക്ക് ശേഷം എന്ത് സംഭവിച്ചു എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്നതു.. ആ പുസ്തകം കൊടുക്കുന്നതിനു തൊട്ടുമുന്‍പായി ഞാന്‍ ആ കത്ത് നൈസ് ആയി പതിയെ ഇങ്ങോട്ട് എടുത്തു.. അങ്ങനെ എന്‍റെ ആദ്യത്തെ പ്രേമ ലേഖനത്തിന് ഒരു തീരുമാനം ആയി. ഉള്ളില്‍ ആ പ്രേമവും ഒളിച്ചുപിടിപ്പിച്ചു കുറെ നാള്‍ ഞാന്‍ അവള്‍ പോലും അറിയാതെ അവളുടെ പിറകെ നടന്നു. ഇടക്കിടെ അവള്‍ കൊണ്ടേ തരാറുള്ള കരക്കായുടെ ചവര്‍പ്പും, മധുരവും, എന്‍റെ നാവിന്‍ തുമ്പില്‍ ഇപ്പോളും തങ്ങി നില്ക്കുന്നു.
ഇതിനിടയില്‍, ജിമ്മിയും ഒത്തിരി കഷ്ടപ്പെടുകയായിരുന്നു, അവന്‍റെ ആ പെണ്ണിനെ ഒന്നു വളച്ചെടുക്കാനായി. അതിനിടയിലാണ്, ദേവച്ചന്‍ ഞങ്ങളെ എല്ലാവരെയും ചേര്‍ത്ത്‌ ഒരു ടൂര്‍ പ്ലാന്‍ ചെയ്തത്... ആതിരപ്പള്ളി, വാഴച്ചാല്‍. ആ ടൂറില്‍ മെയിന്‍ ആള്‍ക്കാര്‍ ഞങ്ങള്‍ ആയിരുന്നു, എന്ന് വച്ചാല്‍ പള്ളിയിലെ കൊയര്‍. നമ്മുടെ ജിമ്മിടെ കക്ഷിയും കൊയറില്‍ ഉള്ള കാര്യം ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. അവര്‍ ആ ട്രിപ്പില്‍ ഒത്തിരി സമയം കൂടെ ചിലവഴിച്ചു, എന്നുള്ളതൊഴിച്ചാല്‍ ജിമ്മി അവന്‍റെ മനസ് തുറന്നോ എന്നുള്ളത് ഇപ്പോഴും സംശയമുള്ള കാര്യമാണ്. പക്ഷെ, ഒരു പ്രേമം എന്ന നിലയിലേക്ക് അവന് ആ പെണ്കുട്ടിയോടുള്ള താത്പര്യം എത്തിച്ചേര്‍ന്നില്ല എന്നുള്ളതാണു സത്യം. ആ പ്രേമവും, എങ്ങുമെങ്ങും എത്താതെ അകാലചരമം അടയുകയാണ് ഉണ്ടായതു.
പക്ഷെ ഒന്നു തീര്‍ച്ചയാണ്, ഇപ്പോള്‍ എനിക്കറിയാം അന്നത്തെ ആ പ്രേമങ്ങള്‍ ഒന്നുംതന്നെ ഹൃദയത്തില്‍ നിന്നും ഉള്ളതല്ലായിരുന്നു എന്ന്. ആ പ്രായത്തില്‍ എന്തിനെ കണ്ടാലും തോന്നുന്ന ഒരു തരം ഇഷ്ടം അത്രതന്നെ. ഈ പ്രേമങ്ങള്‍ക്കൊന്നും തന്നെ ഒട്ടും ആയുസ്സ് ഇല്ലായിരുന്നു എന്ന് വേണം പറയാന്‍,ഇന്നു മുടി നീട്ടിയ പെണ്കുട്ടിയോടാണ് താല്‍പ്പര്യം എങ്കില്‍ നാളെ അത് മുടി വെട്ടിയ പെണ്ണിനോടായിരുന്നു. മറ്റന്നാള്‍ അത് മിഡി ഇട്ടുവരുന്ന കുട്ടിയോടയിരുന്നു.. അങ്ങനെയായിരുന്നു, ഞങ്ങളുടെ ഒരു രീതി. ഒറ്റ കാര്യത്തില്‍ മാത്രമെ തീര്പ്പുളളൂ. എവിടെയും ഞങ്ങള്‍ ഹീറോകള്‍ ആകണം, അത്ര തന്നെ,, മറ്റൊന്നും ഞങ്ങള്‍ക്കു വിഷയമേ അല്ലായിരുന്നു...

No comments:

Post a Comment