Tuesday, February 17

ഓര്‍മ്മകള്‍ക്കിടയിലെ ഇടവേള....

ഒരു ചെറിയ ഇടവേളയിലേക്ക് ഞാന്‍ നീങ്ങുന്നു..കാരണം രണ്ടാണ്; ഒന്നു എന്‍റെ കൂടെ ഇപ്പോള്‍ ജോസഫ് ഉണ്ട്, ഒരു മൂന്ന് ദിവസത്തേക്കായി.. അവന്‍ ഒരു ബിസിനസ്സ് ടൂറുമായി തിരുവനന്തപുരം വന്നതാണ്‌. ഞാനും അവനും കൂടി ഇനി തിരികെ നാട്ടിലേക്കു വ്യഴാഴ്ച്ചയെ പോകു. അതുവരെ ഞങ്ങള്‍ ഈ അനന്തപുരി ഒന്നു തകര്‍ക്കാന്‍ പോവുകയാണ്. ഇന്നലെ ഏറെ രാത്രി വൈകിയാണ് ഞങ്ങള്‍ ഉറങ്ങിയത്. പഴയ ഓരോ കാര്യങ്ങള്‍ തന്നെയും പിന്നെയും പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല. കിടന്നപ്പോള്‍ മണി 12 ആയി. ഇന്നത്തെ പ്രോഗ്രാം ഒരു സിനിമയാണ്. രണ്ടാമത്തെ കാരണം, ഞാന്‍ ഒരു ഷോര്‍ട്ട് ട്രിപ്പ്‌മായി ദില്ലി പോകുന്നു.. തിരികെ 10 മാര്‍ച്ചിനെ വരികയുള്ളു.. അവിടെ ചെന്നാല്‍ പിന്നെ ഇതൊന്നും നടക്കില്ല.. എങ്കിലും ഞാന്‍ ശ്രെമിക്കാം...എന്‍റെ പ്രിയ വായനക്കാര്‍ എന്നോട് സഹകരിക്കില്ലേ? ഇനിയും ഒത്തിരി രസങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്‌. അതിനാല്‍ keep an eye on my blogg

Friday, February 13

പ്രണയ ദിനാശംസകള്‍..



ഈ ആശംസകള്‍ ഞാന്‍ സമര്‍പ്പിക്കുന്നു... പള്ളിപ്പുറത്തിന്‍റെ നാന ദിശയിലേക്ക്... എന്ന് വച്ചാല്‍... ഒറ്റപ്പുന്ന, കേളമംഗലം, പള്ളിപ്പുറം കിഴക്ക് വടക്കു മാറി, തവണക്കടവ്, മാക്കേകടവ്, പാണാവള്ളി, തൈക്കാട്ടുശ്ശേരി , സ്രാബിക്കല്, തൈക്കല് . ഇവിടങ്ങളിലൊക്കെ ഞങ്ങള്‍ കൂട്ടമായി പിറകെ നടന്ന കുറെ തരുണിമണികളുടെ പേര്‍ക്കായി (ഇപ്പോള്‍ അവരൊക്കെ അമ്മമണികള്‍ ആയി എന്നറിഞ്ഞു.. അതില്‍ വളരെ സന്തോഷം.. ഞങ്ങള്‍ പ്രേമിചെന്നു പറഞ്ഞു അവര്‍ കെട്ടാതെ നിന്നില്ലല്ലോ.. ഈശ്വരാ.. അങ്ങനോന്നുണ്ടാവഞ്ഞതില്‍ ഞങ്ങള്‍ സവിനയം പ്രണമിക്കുന്നു..).പിന്നെ ഞങ്ങളറിയാതെ, ഞങ്ങളില്‍പ്പെട്ട എല്ലാവരും നടത്തിയ ഒറ്റപ്പെട്ട മറ്റു ശ്രെമങ്ങള്‍ക്ക് വേണ്ടികൂടിയും ഇതു സമര്‍പ്പിക്കുന്നു.. ഒത്തിരി ആശകളോടുകൂടിയായിരുന്നു, അന്ന് നിങ്ങളുടെ പിറകെ നടന്നിരുന്നത്.. പക്ഷെ, നിങ്ങള്‍ക്ക് ഞങ്ങളെ വിധിച്ചിട്ടില്ലാതിരുന്നതിനാല് നമ്മള്‍ക്ക് ഒന്നാകാന്‍ കഴിഞ്ഞില്ല, അത്ര തന്നെ..അതൊന്നും സാരമില്ലെടോ.... "ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നമുക്കാ സരയ‌ൂര്‍ തീരത്ത് കാണാം.. പിന്നെയും ജന്മം ഉണ്ടെങ്കില്‍ യാദവ യെമുനാ തീരത്ത് കാണാം.." എന്നൊന്നും പാടാന്‍ ഞങ്ങളില്ലേ...ഞങ്ങള്‍ തികച്ചും സന്തുഷ്ടരാണ് കേട്ടോ.. നിങ്ങളും അങ്ങനെ തന്നെ എന്ന് ഞങ്ങള്‍ക്കറിയാം, അതൊക്കെ ചെറുപ്പത്തിന്റെ വികൃതികള്‍ അല്ലായിരുന്നോ അല്ലെ? നിങ്ങളെല്ലാവരും ഇപ്പോള്‍ ഞങ്ങളുടെ സ്വന്തം സഹോദരിമാര്‍ അല്ലെ? നമസ്കാരം... പെങ്ങളെ..........

Thursday, February 12

പക്ഷേക്ക് ശേഷം...

പക്ഷേക്ക് ശേഷം എന്ത് സംഭവിച്ചു എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്നതു.. ആ പുസ്തകം കൊടുക്കുന്നതിനു തൊട്ടുമുന്‍പായി ഞാന്‍ ആ കത്ത് നൈസ് ആയി പതിയെ ഇങ്ങോട്ട് എടുത്തു.. അങ്ങനെ എന്‍റെ ആദ്യത്തെ പ്രേമ ലേഖനത്തിന് ഒരു തീരുമാനം ആയി. ഉള്ളില്‍ ആ പ്രേമവും ഒളിച്ചുപിടിപ്പിച്ചു കുറെ നാള്‍ ഞാന്‍ അവള്‍ പോലും അറിയാതെ അവളുടെ പിറകെ നടന്നു. ഇടക്കിടെ അവള്‍ കൊണ്ടേ തരാറുള്ള കരക്കായുടെ ചവര്‍പ്പും, മധുരവും, എന്‍റെ നാവിന്‍ തുമ്പില്‍ ഇപ്പോളും തങ്ങി നില്ക്കുന്നു.
ഇതിനിടയില്‍, ജിമ്മിയും ഒത്തിരി കഷ്ടപ്പെടുകയായിരുന്നു, അവന്‍റെ ആ പെണ്ണിനെ ഒന്നു വളച്ചെടുക്കാനായി. അതിനിടയിലാണ്, ദേവച്ചന്‍ ഞങ്ങളെ എല്ലാവരെയും ചേര്‍ത്ത്‌ ഒരു ടൂര്‍ പ്ലാന്‍ ചെയ്തത്... ആതിരപ്പള്ളി, വാഴച്ചാല്‍. ആ ടൂറില്‍ മെയിന്‍ ആള്‍ക്കാര്‍ ഞങ്ങള്‍ ആയിരുന്നു, എന്ന് വച്ചാല്‍ പള്ളിയിലെ കൊയര്‍. നമ്മുടെ ജിമ്മിടെ കക്ഷിയും കൊയറില്‍ ഉള്ള കാര്യം ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. അവര്‍ ആ ട്രിപ്പില്‍ ഒത്തിരി സമയം കൂടെ ചിലവഴിച്ചു, എന്നുള്ളതൊഴിച്ചാല്‍ ജിമ്മി അവന്‍റെ മനസ് തുറന്നോ എന്നുള്ളത് ഇപ്പോഴും സംശയമുള്ള കാര്യമാണ്. പക്ഷെ, ഒരു പ്രേമം എന്ന നിലയിലേക്ക് അവന് ആ പെണ്കുട്ടിയോടുള്ള താത്പര്യം എത്തിച്ചേര്‍ന്നില്ല എന്നുള്ളതാണു സത്യം. ആ പ്രേമവും, എങ്ങുമെങ്ങും എത്താതെ അകാലചരമം അടയുകയാണ് ഉണ്ടായതു.
പക്ഷെ ഒന്നു തീര്‍ച്ചയാണ്, ഇപ്പോള്‍ എനിക്കറിയാം അന്നത്തെ ആ പ്രേമങ്ങള്‍ ഒന്നുംതന്നെ ഹൃദയത്തില്‍ നിന്നും ഉള്ളതല്ലായിരുന്നു എന്ന്. ആ പ്രായത്തില്‍ എന്തിനെ കണ്ടാലും തോന്നുന്ന ഒരു തരം ഇഷ്ടം അത്രതന്നെ. ഈ പ്രേമങ്ങള്‍ക്കൊന്നും തന്നെ ഒട്ടും ആയുസ്സ് ഇല്ലായിരുന്നു എന്ന് വേണം പറയാന്‍,ഇന്നു മുടി നീട്ടിയ പെണ്കുട്ടിയോടാണ് താല്‍പ്പര്യം എങ്കില്‍ നാളെ അത് മുടി വെട്ടിയ പെണ്ണിനോടായിരുന്നു. മറ്റന്നാള്‍ അത് മിഡി ഇട്ടുവരുന്ന കുട്ടിയോടയിരുന്നു.. അങ്ങനെയായിരുന്നു, ഞങ്ങളുടെ ഒരു രീതി. ഒറ്റ കാര്യത്തില്‍ മാത്രമെ തീര്പ്പുളളൂ. എവിടെയും ഞങ്ങള്‍ ഹീറോകള്‍ ആകണം, അത്ര തന്നെ,, മറ്റൊന്നും ഞങ്ങള്‍ക്കു വിഷയമേ അല്ലായിരുന്നു...

Wednesday, February 11

ഉള്ളിലൊതുക്കിയ ഞങ്ങളുടെ കൊച്ചു കൊച്ചു പ്രേമങ്ങള്‍...

കുറച്ചു കമന്‍റ്കള്‍ എനിക്ക് കിട്ടുന്നുണ്ട്‌, പലതും അയക്കുന്നത് ആരാണ് എന്നുപോലും എനിക്കറിയില്ല, എങ്കിലും ആരൊക്കെയോ എന്‍റെ ഈ ബ്ലോഗ്ഗ് വായിക്കുന്നുണ്ടല്ലോ എന്നറിയുമ്പോള്‍, വീണ്ടും വീണ്ടും എഴുതാനാണ് എനിക്ക് തോന്നുക.. ഇന്നു ഞാന്‍ ഞങ്ങളുടെ ഒന്നു രണ്ടു പ്രേമത്തെക്കുറിച്ച് എഴുതാം. ഈ പ്രേമങ്ങള്‍ ഉണ്ടായ സമയത്തെ ക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എനിക്കു ചിരിയാ വരിക. 9 വയസിനും 11 വയസിനും ഇടയില്‍ ഉണ്ടായ പ്രേമതെക്കുരിച്ചാണ് ഇന്നു ഞാന്‍ എഴുതുക. നിങ്ങള്‍ ഇപ്പോളെ ചിരിച്ചു തുടങ്ങി എന്ന് എനിക്കറിയാം. ഞങ്ങള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഈ പ്രേമം തോന്നിയത് എന്ന് തോന്നുന്നു. ഞങ്ങളുടെ വേദപാഠം ക്ലാസ്സില്‍ ഒരു പെണ്കുട്ടി വന്നു. ആള് നല്ല സുന്ദരിയായിരുന്നു. വെളുത്തു, നല്ല ഉയരമുള്ള, ശാന്തമായ ഒരു പെണ്കുട്ടി. അവര്‍ ഞങ്ങളുടെ നാട്ടില്‍ പുതുതായി വന്നവരായിരുന്നു. എനിക്കും, ജിമ്മിക്കും ഒരുപോലെ പ്രണയം തോന്നി ആ കുട്ടിയോട്. ഈ വേദപാഠം ക്ലാസ്സില്‍ ഒരു സ്കൊലര്ഷിപ് എന്ന പരീക്ഷയെഴുതാന്‍ സിലക്ഷന്‍ ഉണ്ടാകുമായിരുന്നു. ഒരു ക്ലാസ്സില്‍ നിന്നും 3 പേര്‍ക്കാണ് സിലെക്ഷഷന്‍ കിട്ടരുള്ളത്, ഞങ്ങളുടെ ക്ലാസ്സില്‍ നിന്നുള്ള സിലെക്ഷഷനില്‍ ഒരാള്‍ ഈ കുട്ടിയും, മറ്റൊരാള്‍ ഞാനും ആയിരുന്നു. പത്താം ക്ലാസ്സുവരെ അങ്ങനെ തന്നെ ആയിരുന്നു. ഈ സ്കൊലരഷിപിന്‍റെ പരീക്ഷക്ക് ഒരുങ്ങനായി ഞങ്ങള്‍ അവുധിക്കാലത്ത് പള്ളി സ്കൂളില്‍ ഒത്തു ചേരുമായിരുന്നു. ഒരുതരം combined study എന്ന് പറയുന്ന ഏര്‍പ്പാട്. ഈക്കുട്ടി ഉള്ളതിനാല്‍ എനിക്കൊത്തിരി സന്തോഷമായിരുന്നു അതിന് പോകാന്‍. ഒത്തിരി സംസാരിക്കാനുള്ള അവസരം കിട്ടുമായിരുന്നു ഈ പഠനത്തിലൂടെ.. ജിമ്മിയും ഈ കുട്ടി വരുന്നവഴിക്ക് വച്ചു കണ്ടു സംസരിക്കാറുണ്ടായിരുന്നു. അവന്‍റെ വീടിന്‍റെ അടുതുകൂടിയാണ് ഈക്കുട്ടി പള്ളിയിലേക്ക് വന്നിരുന്നത്. മാത്രവുമല്ല, സകല പെണ്‍ കുട്ടികളും അവന്‍റെ വീട്ടിലാണ്‌ വെള്ളം കുടിക്കാന്‍ പോയിരുന്നത്, അതിനാല്‍ അവന് സംസാരിക്കാന്‍ അവസരം കിട്ടിയിരുന്നു. ഞാന്‍ അവന് വേണ്ടിയും, അവന്‍ എനിക്കു വേണ്ടിയും, ഈ പെണ്ണിന്‍റെ കാര്യത്തില്‍ മാറി കൊടുക്കാന്‍ സമമതം അല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ്, ദേവച്ചന്‍ തുടങ്ങിയ ഞങ്ങളുടെ പുതിയ കൊയറില്‍ ഒരു പുതിയ പെണ്‍കുട്ടി വരുന്നതു.. ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു അവള്‍, പക്ഷെ, കാണാന്‍ ബഹു മിടുക്കി ആയിരുന്നു. ഓരോ ദിവസവും, ഓരോ ഭാവങ്ങളുമായി വരുന്ന ജിമ്മി, എനിക്കായി ആ പഴയ കക്ഷിയെ തന്നിട്ട്, ഈ പുതിയ കുട്ടിയുടെ പിറകെ കൂടി. ഏറെ നാളത്തെ, എന്‍റെ ഒത്തിരി ആലോചനകള്‍ക്ക് ശേഷം ഒരു കത്ത് എഴുതി എനിക്കിഷ്ടം തോന്നിയ ആ പെണ്‍കുട്ടിക്ക് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ഞായറാഴ്ച ഒരു കത്തും എഴുതി, തലേഞായറാഴ്ച അവളില്‍ നിന്നും വാങ്ങിയ പുസ്തകത്തില്‍വച്ചു കൊടുക്കാനായി, ഞാന്‍ സന്കീര്തിയില്‍ നിന്നു. അവള്‍ കിഴക്ക് നിന്നും വരുന്നതു ഞാന്‍ കണ്ടു.. എന്റെ ഹൃദയമിടിപ്പ്‌, നാട്ടുകാര്‍ക്ക്‌ വരെ കേള്‍ക്കാവുന്ന രീതിയില്‍ മുഴങ്ങി...അവള്‍ ഇങ്ങു അടുത്തടുത്ത്‌ വരുമ്പോള്‍ ഉള്ളില്‍ ഒരു സംശയം. ഈ കത്ത് കൊടുക്കണോ, വേണ്ടയോ? അവള്‍ പള്ളിയുടെ മതില്‍ കടന്നു കഴിഞ്ഞു ,,, അവള്‍ക്കു കൊടുക്കേണ്ട പുസ്തകത്തില്‍ ഞാന്‍ ഇതിനകം ആ കത്ത് വച്ചിരുന്നു.. പിന്നെയും ചിന്തിച്ചു.. കത്ത് കൊടുക്കണോ വേണ്ടയോ? അവള്‍ സന്കീര്തിയില്‍ വാതിലിനടുത്തെത്തി.. ഞാന്‍ ആ ജനലിന്റെ അരികില്‍ പുസ്തകവും പിടിച്ചു നില്ക്കുകയാണ്. എന്‍റെ ഹൃദയമിടിപ്പ്‌, കൂടിയോ എന്നൊരു സംശയം,, എന്‍റെ കണ്ണില്‍ ഇരുട്ട് വീഴുന്നോ?? അപ്പോള്‍ അതാ അവള്‍ ജനലിനു മുന്നില്‍ വന്നിട്ട് എന്നെ നോക്കി ചിരിക്കുന്നു....എന്‍റെ കയ്യിലിരുന്ന ആ പുസ്തകം ഞാന്‍ പതിയെ അവളുടെ നേര്‍ക്ക്‌ നീട്ടി......പക്ഷെ....
(നാളെ : പക്ഷേക്ക് ശേഷം....)

Tuesday, February 10

ജോസഫിന്‍റെ കുളി


ഞങ്ങളുടെ പള്ളിയിലെ എന്ത് പരിപാടി ഉണ്ടായാലും അന്നൊക്കെ ഞങ്ങളുടെ ഒരു പരിപാടി അതില്‍ ഉണ്ടാകുമായിരുന്നു. ജോസ് ലിന്‍ സിസ്റ്റര്‍ എഴുതി പഠിപ്പിച്ച എത്രയോ നാടകങ്ങള്‍ ഞങ്ങള്‍ കളിച്ചിരിക്കുന്നു. അന്നൊരിക്കല്‍ മറ്റൊരു നാടകത്തിന്‍റെ practice നു ശേഷം, ഞാനും, ജിമ്മിയും, ജോസഫും കൂടി തിരികെ പോരുകയായിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി ഒന്നു കുളിക്കണം എന്ന്. പള്ളിയുടെ തെക്കു വശത്തായി, എന്‍റെ കുടുംബ വീടിനു മുന്നില്‍ ഒരു വലിയ കുളം ഉണ്ടായിരുന്നു. ഇന്നു ആ കുളത്തിന്‍റെ മുകളിലാണ് പാരിഷ് ഹാള്‍ മഴയൊക്കെ പെയ്തു, നറഞ്ഞു കിടക്കുന്ന കുളം. കുളം നിറയെ നല്ല നനുനനുത്ത പച്ച പായല്‍ തരികള്‍ ഞാന്‍ കുടുംബ വീട്ടില്‍ നിന്നും ഒരു തോര്‍ത്ത്‌ ആരും കാണാതെ സംഘടിപ്പിച്ചു കൊണ്ടുവന്നു. ആദ്യം ആ തോര്‍ത്തും ചുറ്റി, നിക്കറും ഷര്‍ട്ടും കരക്കൂരിവച്ചു ജിമ്മി കുളത്തിലേക്ക് ഒരു ചട്ടം. കുളത്തില്‍ എത്തിയ ഉടനെ തോര്‍ത്ത്‌ വീണ്ടു കരയിലേക്ക് വലിച്ചെറിഞ്ഞു തന്നു ജിമ്മി. അടുത്തത് എന്‍റെ ഊഴമായിരുന്നു. ഞാനും നിക്കറും ഷര്‍ട്ടും ഊരിവച്ചു കുളത്തിലേക്ക് ഒരു ചാട്ടം .. വീണ്ടും പഴയ പോലെ തോര്‍ത്ത്‌ കരയില്‍ നില്ക്കുന്ന ജോസഫിന്‍റെ കൈകളിലേക്ക് വലിച്ചെറിഞ്ഞു കൊടുത്തു. ഞങ്ങള്‍ രണ്ടാളും കുളത്തില്‍ കിടന്നു പതക്കുകയായിരുന്നു. ജോസഫിന്‍റെ കൈയ്യില്‍ തോര്‍ത്ത്‌ കിട്ടിയിട്ടും അവന്‍ കുളത്തില്‍ ഇറങ്ങിയില്ലായിരുന്നു അതുവരെ. ഞങ്ങള്‍ രണ്ടാളും കൂടി അവനെ കളിയാക്കാന്‍ തുടങ്ങി. അവനാണെങ്കില്‍ കുറേശ്ശെയായി അരിശവും വന്നു തുടങ്ങി. ഞാന്‍ പതിയെ കരയില്‍ എത്തി അവിടിരുന്നു കളിയാക്കാന്‍ തുടങ്ങി,, ജിമ്മി കുളത്തിന്‍റെ നടുക്ക് പതച്ചു നിന്നുകൊണ്ടും അവനെ കളിയാക്കാന്‍ തുടങ്ങി. അപ്പോളുണ്ടല്ലോ പെട്ടെന്ന് തന്നെ തുണി മാറി തോര്‍ത്തുടുത്ത്‌ കുറച്ചു ദൂരെ നിന്നു ഓടി വന്നു ജോസഫ് കുളത്തിലേക്ക് ഒരു ചാട്ടം. അവന്‍ ചെന്നെത്തിയത്, ഏകദേശം കുളത്തിന്‍റെ നടുക്കായിരുന്നു. ഇവന്‍ കരയില്‍ നിന്നും ഓടി വരുന്നതു കണ്ടു, ജിമ്മി ഇത്തിരി കൂടി പിറകിലേക്ക് നീന്തി മാറി. ഞാനാനെകില്‍ കരയിലും. ജോസഫ് കുളത്തിന്‍റെ ഒത്ത നടുവില്‍ ലാന്‍ഡ്‌ ചെയ്തു .. പിന്നെ കാണുന്നത് വെള്ളം കുടിച്ചുകൊണ്ട്, മുങ്ങുകയും പൊങ്ങുകയും ചെയ്യുന്ന ജോസഫിനെയാണ്. ആദ്യം കരുതി അവന്റെ നമ്പര്‍ ആണെന്ന്..പക്ഷെ പിന്നെ മനസിലായി, അത് നമ്പര്‍ അല്ല, ശരിക്കുംമുങ്ങുക യാണെന്ന്. ഉടനെ ഞാനും വെള്ളത്തിലേക്ക്‌ ചാടി, ജിമ്മിയും ചേര്‍ന്ന്, പിടിച്ചു കരക്ക്‌ വയറ്റി, കുടിച്ച വെള്ളം മുഴുവന്‍ പുറത്തെടുത്തു .കരയില്‍ കിടന്നു വായില്‍ നിന്നും വെള്ളം ശര്ദിക്കുന്ന ആ ജോസഫിനെ മറക്കാന്‍ ഇന്നുവരെ ഞങ്ങള്‍ക്കയിട്ടില്ല. ഞങ്ങള്‍ അവനോടു ചോദിച്ചു, "നിനക്കു നീന്താന്‍ അറിയില്ലയെന്കില്‍ പിന്നെ എന്തിനാ നീ കുളത്തില്‍ ചാടിയത്‌?" പാവം പറയുവാ " നിങ്ങള്‍ കളിയാക്കിയപ്പോള്‍ സഹിച്ചില്ല, ഞാന്‍ ചാടി" എന്ന്. ഇപ്പോഴും അവനെ ഞങ്ങള്‍ വെള്ളം കാണുമ്പൊള്‍ ഇതും പറഞ്ഞു കളിയാക്കും. പക്ഷെ അന്ന് അവന്‍ പറയാതെ പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു.. ഞങ്ങളെ അവന് അത്ര വിശ്വാസമാണ് എന്ന്. അവന്‍ പറഞ്ഞില്ലെന്കിലും ഞങ്ങള്‍ അത് മനസിലാക്കിയിരുന്നു...


(നാളെ..ചെറുപ്പത്തിലെ ഞങ്ങളുടെ ചെറിയ പ്രേമങ്ങള്‍....)

Monday, February 9

ഞങ്ങളുടെ പരസ്യജിവിതാരംഭം..

അത്ര കൃത്യമല്ല എന്റെ ഈ ഓര്‍മ്മകള്‍ എന്നിരുന്നാലും എഴുതാതിരിക്കുവാന്‍ വയ്യ.. ഞങ്ങള്‍ 4 പേരും നാലാം ക്ലാസ്സില്‍ എത്തിയതോടെ, പതിയെ പലവിധ പരിപാടികളുമായി രംഗത്തെക്കിറങ്ങി. അതില്‍ ആദ്യത്തെ പടിയായിരുന്നു, അള്‍ത്താര ബാലസംഘം. ഞാനും ജിമ്മിയും കൂടിയാണ് ആദ്യം തട്ടേ കേറിയത്‌. പിന്നെ ജോസഫും ഷാജിയും എത്തി. നല്ലൊരു അനുഭവം ആയിരുന്നു അത്. ഞങ്ങള്‍ അള്‍ത്താര ബാലന്മാരായി ശരിക്കു തിളങ്ങി, പിന്നെ പതിയെ തിരുബാല സഖ്യംആയി.. പള്ളിയിലെ പാട്ടായി.. അങ്ങനെ പലതിലോട്ടും ഞങ്ങള്‍ എത്തിച്ചേര്‍ന്നു.. കുര്‍ബാനയ്ക്ക് കൂടാന്‍ ഒത്തിരി നല്ല ഉടുപ്പുകളൊന്നും അന്ന് സന്ക്കീര്‍ത്തില്‍ ഇല്ലായിരുന്നു, തന്നെയുമല്ല, കുര്‍ബാനയ്ക്ക് കൂടാന്‍ നല്ല ഇടിയും ആയിരുന്നു. ജിമ്മി ഉറക്കകാരനയതിനാല്‍, അവന്‍ അത്ര പതിവായി ഇതിനൊന്നും വരില്ലായിരുന്നു. പക്ഷെ ഞാനും ജോസഫും എന്നും തന്നെ കുര്‍ബന്ക്ക് കൂടാന്‍ എത്തുമായിരുന്നു. ഒത്തിരി തിരക്കുള്ള ദിവസം, ഞങ്ങള്‍ ആ കൂടുന്ന ഉടുപ്പ് എവിടെയെങ്കിലും ഒളിപ്പിച്ചു വക്കും ആയിരുന്നു. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോളും ശരിക്കും ചിരിക്കാറുണ്ട് ഞങ്ങള്‍. അന്ന് ഞങ്ങള്‍ വളരെ ആക്റ്റീവ് ആയി അള്‍ത്താര ബാലാസഘ്യം നടത്തികൊണ്ടിരിക്കുമ്പോള്‍, ഞങ്ങളുടെ വികാരി അച്ചന് സ്ഥലം മാറ്റം ആയി. sent-off നു ഞങ്ങളുടെ വക ഒരു സമ്മാനം കൊടുക്കാനായിട്ടു ഞങ്ങള്‍ തീരുമാനിച്ചു , പൈസ പിരിക്കലും തുടങ്ങി. രസീത് ആയി, ഞങ്ങള്‍ തന്നെ കുറെ വെള്ള പേപ്പര്‍ എടുത്തു നല്ല പോലെ അടുക്ക് വച്ചിട്ട്, തയ്യല്‍ മെഷിനില്‍ ഇട്ടു കീറാന്‍ സൌകര്യത്തിനു ഹോള്‍ ഒക്കെ ഇട്ടു, നാട് മുഴുവനും പിരിക്കാന്‍ ഇറങ്ങി, അച്ചന്റെ അനുവാദം ഇല്ലാതെ.. പിരിവു പകുതി ആയപ്പോള്‍ അച്ചന്‍ കാര്യം അറിഞ്ഞു, ഞങ്ങളെ വിളിപ്പിച്ച്ചിട്ടു പറഞ്ഞു, പിരിച്ച കാശൊക്കെ തിരികെ കൊണ്ടേ കൊടുത്തിട്ട് വരാന്‍, ആകെ നാണക്കേടായി എങ്കിലും, ഇപ്പോള്‍ അഭിമാനം തോന്നാറുണ്ട്, വളരെ ചെറു പ്രായത്തില്‍ തന്നെ, ഞങ്ങള്‍ നന്ദി പ്രകടിപ്പിക്കാന്‍ പഠിച്ചിരുന്നു എന്നോര്‍ക്കുമ്പോള്‍.മാത്രവുമല്ല, അന്നേ ഞങ്ങള്‍ എല്ലാവരും തന്നെ, കാര്യങ്ങള്‍ നടത്താന്‍ ബഹു മിടുക്കന്മാര്‍ ആയിരുന്നു.
ആയിടക്കാണ്‌, ഞങ്ങളുടെ ഇടവകയിലേക്ക് നല്ല ഒരു കൊച്ചച്ചന്‍ കടന്നു വരുന്നതു ദേവച്ചന്‍ ഞങ്ങളുടെ ഇടവകയെത്തന്നെ മാറ്റി മറിച്ച ഒരച്ചനയിരുന്നു, ദേവച്ചന്‍ . അദ്ദേഹം വന്നതിനു ശേഷം ഒത്തിരി മാറ്റങ്ങള്‍ പള്ളിപ്പുരത്തിന് ഉണ്ടായി. നല്ല ഒരു ഗായക സംഘം ഉണ്ടാക്കി, അതില്‍ ഞാനും, ജിമ്മി യും, ജോസഫും ഒക്കെ ഉണ്ടായിരുന്നു. നല്ലൊരു അള്‍ത്താര സഘ്യം ഉണ്ടാക്കി, അതില്‍ ഞാനും , ജിമ്മി യും, ജോസഫും, ഷാജിയും ഉണ്ടായിരുന്നു.. ഈ സംഘത്തില്‍ നിന്നാണ്, ഞങ്ങളില്‍ അഞ്ചാമന്‍ എത്തുന്നത്‌..മനോജ്.. ഒരു ക്രിസ്മസ്നായിരുന്നു, പുതിയ അള്‍ത്താര സഘ്യത്തിന്റെ തുടക്കം, ഞങ്ങള്‍ ഏകദേശം 20 പേരോളം പേരുണ്ടായിരുന്നു അന്ന്. എല്ലാവരും നല്ല വെള്ള മുണ്ടും ഷര്‍ട്ടും അണിഞ്ഞു അള്‍ത്താരയുടെ രണ്ടു വശത്തും അണിനിരന്നപ്പോള്‍ നല്ല രസമായിരുന്നു കാണാനും കേള്‍ക്കാനും. ഈ 20 പേരില്‍ കുറെയെണ്ണം പാഴുകളും ആയിരുന്നു. പക്ഷെ നല്ല രസമായിരുന്നു അന്നത്തെ പള്ളിയിലെ കാര്യങ്ങളൊക്കെ.. കുര്‍ബാനയ്ക്ക് കൂടാനും, പാട്ടുകള്‍ പാടാനും, ഒരു പറ്റം കുട്ടികള്‍, അതില്‍ എല്ലയിടത്തും, ഹീറോകള് ആയി ഞങ്ങളും...
(നാളെ...ജോസഫിന്‍റെ കുളി.....)

Saturday, February 7

ഷാജിയുടെ ബീഡി വലി


ഇതും ഒത്തിരി ചെറുപ്പത്തിലെ നടന്ന ഒരു കാര്യം ആണ്. ഏകദേശം കഴിഞ്ഞ പോസ്റ്റില്‍ എഴുതിയ സംഭവത്തോട് അനുബന്ധിച്ച് നടന്ന ഒരു കാര്യം ആണിതും. ബാബുവിന്‍റെ കൂടെക്കൂടി ഇടക്കൊക്കെ അവന്‍ തന്നിരുന്ന കട്ടന്‍ ബീഡി ഞാനും ജിമ്മിയും വലിച്ചിരുന്നു. ഇതു എങ്ങനെയോ ഞങ്ങളുടെ ഷാജി അറിഞ്ഞു. അവന്‍ അത് വീട്ടില്‍ പറയും എന്നും പറഞ്ഞു ഞങ്ങളെ പേടിപ്പെടുത്താന്‍ തുടങ്ങി. വീട്ടില്‍ അറിഞ്ഞാലുള്ള കാര്യത്തെക്കുറിച്ച് ഇവിടെ പ്രത്യേകം പറയേണ്ട കാര്യം ഒന്നുമില്ലല്ലോ? അടിച്ച് തുട പൊട്ടിച്ചുകളയും. അതിനാല്‍ എന്നും തന്നെ ഷാജിയുടെ കാല് പിടുതമാണ് ഞങ്ങളുടെ പണി. ഒരു ദിവസം ഉച്ച കഴിഞ്ഞു അവനെ അന്വേഷിച്ചു ഞാന്‍ അവന്‍റെ വീട്ടില്‍ ചെന്നു, അന്നേരം അവിടെ ഊണ് കഴിഞ്ഞ്, മറ്റുള്ള എല്ലാവരും ഓരോ പരിപാടികളുമായി മുറ്റത്തും പറമ്പിലുമായി തിരക്കിലാണ്. ഞാന്‍ ഷാജിയെ തിരക്കി അവരുടെ അടുക്കളയില്‍ എത്തിയപ്പോള്‍, ആശാന്‍ ഒരു പേപ്പറിന്റെ അകത്തു ചകിരി ചോറ് നിറച്ചു ബീഡി പോലാക്കിയിരുന്നു വലിയാണ്. എടാ എന്നുള്ള ഒറ്റ വിളി, അവന്‍ ഞെട്ടി പിറകോട്ടു നോക്കി, വലിച്ചു കയറ്റിയ പുക തലയില്‍ കയറി ചുമയും തുടങ്ങി, ഒരു വിധം അവന്‍ ഒക്കെ ദൂരെ എറിഞ്ഞു എന്‍റെ കൂടെ വന്നു. അതില്‍ പിന്നെ, ഷാജിയെ ഈക്കാര്യം പറഞ്ഞു ഞങ്ങള്‍ black mail ചെയ്യാന്‍ തുടങ്ങി. അവന്‍ ഞങ്ങളുടെ കാര്യവും, ഞങ്ങള്‍ അവന്‍റെ ഈ കാര്യവും രഹസ്യം ആയി വച്ചു...









Friday, February 6

ഒരു വലിയ തെറ്റും, ചെറിയ ശിക്ഷയും..

ഈ സംഭവം നടന്നത് എന്നാണ് എന്ന് ഞാന്‍ കൃത്യമായിട്ട്‌ ഓര്‍ക്കുന്നില്ല, എങ്ങിലും ഒരു വേനല്‍ അവുധി കാലത്തായിരുന്നു എന്ന് നല്ല ഓര്‍മയുണ്ട്. മേയ് മാസം, പള്ളിപ്പുറം പള്ളിയുടെ കിഴക്ക് കായല്‍ തീരത്തുള്ള കപ്പേളയില്‍ മാതാവിന്റെ വണക്ക മാസം ഉണ്ടായിരുന്ന ഒരു പതിവുണ്ട്. അന്നു, ഞങ്ങള്‍, എന്നുവച്ചാല്‍, ജിമ്മി, ഷാജി, ഞാന്‍ പിന്നെ കിഴക്കേ ഭാഗത്തുള്ള വേറെ കുറെ ചങ്ങാതിമാര്‍ എല്ലാവരും ആ പരിപാടിക്കായി പോകും. എനിക്കവിടെ രണ്ടാണ് പരിപാടി, ഒന്നു കപ്പ്യാരായിട്ടു, അച്ചനെ കപ്പേളയില്‍ സഹായിക്കുക, മറ്റൊന്ന്, ഈ കൂട്ടുകാരുമായി അവിടെ കളിച്ചു നടക്കുക. അന്നു ഞങ്ങളുടെ ഇടയില്‍ ഞങ്ങളെക്കാള്‍ ഒരല്പം മുതിര്ന്ന ബാബു എന്ന് പേരുള്ള ഒരു കൂട്ടുകാരന്‍ കടന്നു വന്നു. ആള്‍ ഒരല്പം പിശകയിരുന്നു.. പുള്ളിക്കാരന്‍ അന്നു ബീഡിയൊക്കെ വലിക്കുമായിരുന്നു,, കൂട്ടിനു ഞങ്ങളെയും കൂട്ടുമായിരുന്നു.. ഞങ്ങള്‍ കിഴക്കേ കപ്പെളയിലെ പരിപാടി കഴിഞ്ഞു തിരികെ വരുമ്പോള്‍, ഞാന്‍ ധൂപക്കുറ്റി വീശികൊണ്ട് വരും, തീ കെടാതിരിക്കാനായി.. കാരണം അതില്‍ നിന്നും വേണം ബാബുവിന് ബീഡി കത്തിക്കാന്‍.. ഇടക്കൊക്കെ ഞങ്ങള്‍ക്കും ബീഡിയുടെ ഷെയര്‍ തന്നിരുന്നു..
ഒരു ദിവസം, കിഴക്കേ കപ്പെളയിലെ പരിപാടി കഴിഞ്ഞു വരുന്ന വഴി, ബാബു പറഞ്ഞു, സ്കൂളില്‍ കയറി, ഒരു സിസ്റ്റര്‍ നെയും , സാറിനെയും ചേര്ത്തു അനാവശ്യം എഴുതാം എന്ന്.. ആദ്യമൊക്കെ ഞങ്ങള്‍ മറുത്തു പറഞ്ഞെന്കിലും, പിന്നീട് ഞങ്ങള്‍ സ്കൂളിന്റെ ജനല്‍ തുറന്നു അകത്തു കയറി, കരി കൊണ്ടു ആ പരിപാടി സാധിച്ചു. അന്നു ഞാനും, ജിമ്മിയും, ഷാജിയും ഉണ്ടായിരുന്നു ബാബുവിന്റെ കൂടെ കൂട്ടിനായി.. പിറ്റേ ദിവസം 2 സിസ്റ്റര്‍മാര്‍ വീട്ടില്‍ വന്നു, അമ്മച്ചിയോട്‌ കാര്യം പറഞ്ഞു. ഷാജിയുടെ വീട്ടിലും സംഭവം അറിഞ്ഞു, പിന്നെ നമ്മള്‍ എല്ലാവരുടെയും പേരുകള്‍ കൃത്യമായി പറഞ്ഞു കൊടുത്തു. പിറ്റേ ദിവസം വികാരി അച്ചനെ കാണണം എന്നും പറഞ്ഞിട്ട് അവര്‍ പോയി. അന്നു വീട്ടില്‍ നിന്നും കേട്ട വഴക്കിനും തല്ലിനും ഒരു കണക്കില്ല കേട്ടോ.. പിറ്റേ ദിവസം പള്ളിയില്‍ ചെന്നപ്പോളാണ്‌ അറിഞ്ഞത്, ജിമ്മി, കടുത്തുരുതിക്ക് പോയെന്ന്. ഞങ്ങളെ മൂന്ന് പേരെയും അച്ചന്റെ മുറിയുടെ മുന്‍പില്‍ ഉണ്ടായിരുന്ന ഒരു കര്‍ത്താവിന്റെ രൂപത്തിന് മുന്നില്‍ കൈ വിരിച്ചു പിടിപ്പിച്ചു നിര്‍ത്തീട്ട്, സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലിച്ചു.. കൂടാതെ നല്ല ഈര്‍ക്കിലി കൊണ്ടുള്ള അടിയും. രണ്ടു കാര്യത്തിലാണ് അന്നു എനിക്കു വിഷമം ആയതു,, ഒന്നു ഇച്ചാച്ചന്‍ കണ്ടു നില്‍ക്കെ പുതുശേരി അച്ചച്ചന്റെ അടിയും വഴക്കും, മറ്റൊന്ന് ജിമ്മി ഭാഗ്യവശാല്‍ ഈ ശിക്ഷയില്‍ നിന്നും രക്ഷപെട്ടതും. എന്തായാലും ആ സംഭവത്തിനു ശേഷം ബാബുവുമായി അധികം കൂട്ടിനു ഞങ്ങള്‍ പോകാറില്ലായിരുന്നു.. ഇപ്പോള്‍ ആ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അന്നു കിട്ടിയ ശിക്ഷ എത്രയോ ചെറുതായിരുന്നു എന്ന് ആലോചിച്ചു പോവുകയാണ്. രണ്ടു വ്യക്തികളുടെ സ്വഭാവഹത്യയാണ്‌ ഞങ്ങള്‍ അന്നു നടത്തിയത്. അതും അവരെക്കുറിച്ചു ഒന്നും അറിയാതെ....

Wednesday, February 4

രണ്ടില്‍ നിന്നും നാലായ വഴി..

നേഴ്സറീലെ പഠനം കഴിഞ്ഞു ഞാനും ജിമ്മിയും പള്ളി സ്കൂളില്‍ച്ചേര്‍ന്നു പഠിക്കാന്‍ തുടങ്ങി.. അവിടെ തല്ലിയും, കളിച്ചും, ഉപ്പുമാവ് കഴിച്ചും ഞങ്ങള്‍ മൂന്നാം ക്ലാസിലെത്തി. ആ സമയത്താണ്, ഞങ്ങള്‍ കുടുംബ വീട്ടില്‍ നിന്നും മാറി, വായനശാലയുടെ പുറകിലായി താമസം ആരംഭിച്ചത്‌. അവിടെ അയല്‍പക്കത്തുള്ള കുട്ടിയായിരുന്നു ഷാജി, അവനും ഞങ്ങളുടെ ഒപ്പം മൂന്നാം ക്ലാസ്സില്‍ ഉണ്ടായിരുന്നു. ആ സമയങ്ങളില്‍ ഞങ്ങളുടെ സ്കൂളില്‍ തന്നെ പഠിച്ചിരുന്ന ഒരു ജോസഫും ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഞങ്ങളില്‍ ഒരുവനായ ജോസഫ്. അവനുമായി ഞങ്ങള്‍ കുട്ടോന്നുമില്ലയിരുന്നെന്കിലും, കണ്ടുള്ള നല്ല പരിചയമായിരുന്നു. ഞാനും, ഷാജിയും, രത്നമ്മ ടീച്ചറുടേ ക്ലാസ്സില്‍ ആയിരുന്നു. ജിമ്മി മാളികപ്പുറത്തെ ക്ലാസ്സില്‍ ആയിരുന്നു എന്നാണ് എന്‍റെ ഓര്‍മ. ആക്കാലത്ത്‌ ഉണ്ടായ ഒരു അനുഭവം ഞാന്‍ ഓര്‍ക്കുകയാണ്. ഞാന്‍ പറഞ്ഞല്ലോ ജോസേഫിനെ പറ്റി, ഒരു ദിവസം ഞാനും ജോസഫുമായി വഴക്ക് കൂടി, സ്കൂള്‍ കഴിഞ്ഞു വിസീത്താ (ക്രിസ്ത്യാനി പിള്ളേര്‍ക്ക് അങ്ങനൊരു പരിപാടി ഉണ്ടായിരുന്നു സ്കൂളില്‍ അന്ന്, നാല് മണിക്ക് സ്കൂള്‍ വിട്ടു വരിവരിയായി പള്ളിയില്‍ പോയി ഒരു ചെറിയ പ്രാര്‍ത്ഥന) ക്ക് പോകുന്ന വഴി അവന്‍ എന്നെ മണ്ണ് വരി എറിഞ്ഞു. വിസീത്താ കഴിഞ്ഞിട്ട് അവനെ പിടിച്ചു കാല് മടക്കി ഒരടി വച്ചു കൊടുത്തു ഞാന്‍. അവനും തന്നു എനിക്കിട്ടു ഒരെണ്ണം, പിന്നെ ആരൊക്കയോ കൂട്ടുകാര്‍ ചേര്ന്നു ഞങ്ങളെ പിടിച്ചു മാറ്റി, ഞങ്ങള്‍ വീട്ടിലോട്ടും പോയി. വീട്ടില്‍ ചെന്നു കുറച്ചു നേരം കഴിഞ്ഞപ്പോലുണ്ടല്ലോ, ജോസഫിന്റെ അമ്മ എന്‍റെ വീട്ടില്‍വന്നു അമ്മച്ചിയോട്‌ ഞാന്‍ അവനെ ഇടിച്ച കാര്യം പറഞ്ഞു ഒത്തിരി പരാതി പറഞ്ഞു.. അമ്മച്ചി ഉടനെ തന്നെ ഒരു പത്തല്‍ ഒടിച്ചെടുത്തു, അത് ന്ഞുരുങ്ങുന്നത് വരെ എന്നെ തല്ലി, ഒരു പക്ഷെ എന്‍റെ അമ്മച്ചി എന്നെ അങ്ങനെ തല്ലുന്നത് ആദ്യമായിട്ടായിരുന്നു. പിറ്റേ ദിവസം ഞാന്‍ സ്കൂളില്‍ ചെന്നപ്പോള്‍ അവിടെ ജോസഫിന്റെ ഇച്ചാച്ചന്‍ തലേന്നാളത്തെ പരാതിയുമായി, എന്റെ ക്ലാസ്സ് ടീച്ചറിന്റെ അടുക്കല്‍ വന്നു. പുറത്തു ഞാന്‍ ഒരു പുലി ആയിരുന്നെന്കിലും, ക്ലാസ്സില്‍ ഒരു പാവം ആയിരുന്നു. ടീച്ചറും എന്നെ അന്ന് നന്നായി അടിച്ചു, പക്ഷെ തലേ ദിവസം അമ്മച്ചി എന്നെ ഇതേ കുറ്റത്തിന് അടിച്ച കാര്യം ഞാന്‍ പറഞ്ഞില്ലായിരുന്നു. വീട്ടില്‍ വന്നുഞാന്‍ അമ്മച്ചിയോട്‌ കാര്യങ്ങള്‍ പറഞ്ഞു, അമ്മച്ചി അപ്പോള്‍ തന്നെ രത്നമ്മ ടീച്ചറിനെ വഴിയില്‍ കണ്ടു കാര്യങ്ങള്‍ പറഞ്ഞു, പിന്നെ ജോസഫിന്റെ അമ്മയെ കണ്ടപ്പോള്‍ നല്ല മേനയയിട്ടു കുറെ പറഞ്ഞു കൊടുത്തു. പക്ഷെ എന്റെയും ജോസഫിന്റെയും ഉള്ളില്‍ നിന്നും അതിവേഗം പിണക്കങ്ങള്‍ മാറി, ഞങ്ങള്‍ ഉറ്റ ചങ്ങാതിമാരായി മാറി. ഇപ്പോള്‍ ആ പഴയ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ നല്ല രസമാണ്. അങ്ങനെയാണ് എന്നെയും ജിമ്മിയെയും കൂടാതെ, ഷാജിയും, ജോസഫും GYPSYS'യില്‍ അഗങ്ങള്‍ ആകുന്നതു..

Monday, February 2

ഒരു കൂട്ടുകെട്ടിന്‍റെ ആരംഭം...

പള്ളിപ്പുറം പള്ളിയുടെ കിഴക്ക് വശത്തായി ഒരു നഴ്സറി ഉണ്ട്, അവിടെയാണ് ഞാനും എന്‍റെ കൂട്ടുകാരില്‍ ഒരുവനുമായ ജിമ്മിയും പഠിച്ചിരുന്നത്. ജിമ്മി അന്നും ഇന്നും സ്മാര്ട്ട് ആയിരുന്നു. ആളിന്ന് കുടുംബ സമേതം ഓസ്ട്രേലിയയില്‍ ആണ് കേട്ടോ. ഞങ്ങളുടെ ഫ്രണ്ട്സലെ ഗ്ലാമര്‍ താരം അവനായിരുന്നു കൂടാതെ ഞങ്ങളുടെ ലോക ബാങ്കും അവന്‍ തന്നെ . അന്നും അവിടെ ഹീറോസ് ഞങ്ങളായിരുന്നു. അവിടെ അന്ന് നാല് ഊഞ്ഞാലും, ഒരു വട്ടത്തില്‍ കറങ്ങുന്ന സീറ്റ് ഒക്കെ പിടിപ്പിച്ച ഒരു സംഭവം ഉണ്ടായിരുന്നു കളിക്കാനായി. ഞാനും ജിമ്മി യും കൂടി ഓരോ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിയ്കുകയായിരുന്നു. അങ്ങുമിങ്ങും നല്ല വാശിയില്‍ ഞങ്ങള്‍ രണ്ടാളും ആടിക്കൊണ്ടിരുന്നു. സക്കു മരത്തിന്‍റെ ഇലയില്‍ കാല്‍ കൊണ്ടു തൊടുക എന്നതാണ് പ്രധാനം. അതിനായി നല്ല ശക്തിയില്‍ ഞങ്ങള്‍ ഊഞ്ഞാലില്‍ അടുകയായിരുന്നു. പെട്ടെന്ന്, വീണ്ടും ക്ലാസ്സില്‍ കയറാനുള്ള ബെല്‍ അടിച്ചു. ഞങ്ങള്‍ രണ്ടാളും കുഞ്ഞുങ്ങള്‍ അല്ലെ, പെട്ടെന്ന് ഊഞ്ഞാല്‍ നിര്‍്ത്താനയിട്ടു ഞങ്ങളുടെ കാല്‍ നിലത്തു എത്തുകയില്ല. അപ്പോള്‍ ജിമ്മി ആടുന്ന ഊഞ്ഞാലില്‍ നിന്നും ഒരു ചട്ടം, എന്നിട്ട് നല്ല കൂള്‍ ആയി ലാന്‍ഡ്‌ ചെയ്തു നിന്നു. എനിക്ക് ആണെങില്‍ ചാടാനായിട്ടു പേടിയും വന്നിട്ട് മേലാ.. ജിമ്മി പറഞ്ഞു, " നീ ചാടിക്കോ,,, ഞാന്‍ വന്നു നിന്നത് കണ്ടില്ലേ? ഒരു പ്രശ്നവും ഇല്ലല്ലോ?" പിന്നെ അമാന്തിച്ചില്ലാ ഞാന്‍, ഒരൊറ്റ ചാട്ടം.... ഞാനും ലാന്‍ഡ്‌ ചെയ്തു നിലത്തു, പക്ഷെ ക്രാഷ് ലാന്‍ഡ്‌ ആയിരുന്നു എന്ന് മാത്രം. മൂക്കുംകുത്തി ഒരു വീഴ്ച. ഉടനെ ഞങ്ങളുടെ സിസ്റ്റര്‍, (സി. സ്റ്റെപ്പിനി) ഓടി വന്നു എന്നെ എടുത്തു വെള്ളമൊക്കെ തന്നു. പൊട്ടിയ മൂക്കില്‍ ശകലം മരുന്നൊക്കെ പുരട്ടി, എന്നിട്ട്, ജിമ്മിയെ പിടിച്ചു നന്നായിട്ടൊന്നു വഴക്കിട്ടു. എന്തായാലും, അന്നത്തെ ആ വീഴ്ച ഒരിക്കലും മറന്നിട്ടില്ല ഞാന്‍ , മാത്രവുമല്ല, അന്ന് തുടങ്ങി ഒരു കൂട്ടുകെട്ടിന്‍റെ ആരംഭം, ഞങ്ങള്‍ രണ്ടില്‍ നിന്നും തുടങ്ങി, ഏഴ് പേരെ ഒരു മനസ്സാക്കി വര്‍ഷങ്ങളോളം കൊണ്ടുനടന്ന ഒരു കൂട്ടുകെട്ടിന്‍റെ ആരംഭം ആ നെഴ്സരില്‍ നിന്നും തുടങ്ങി. ഞങ്ങള്‍ ആ കൂട്ടുകെട്ടിന് ഒരു പേരും കൊടുത്തു GYPSYS.. ആ കഥ ഞാന്‍ വഴിയേ പറയാം.....

ഞാനും എന്‍റെ കുറെ ഓര്‍മകളും..

ഞാന്‍ എന്‍റെ കുറെ ഓര്‍മ്മകള്‍ ഇവിടെ കുറിച്ചിടുകയാണ്.. ആരൊക്കെ വായിക്കും എന്നൊന്നും എനിക്കറിയില്ല, പക്ഷെ ഇതു കുറിച്ചിടണം എന്ന് എനിക്കൊരു തോന്നല്‍. ഇതില്‍ ഞാനുണ്ട്‌, എന്‍റെ നാടുണ്ട്, നാട്ടിലെ കുറെ ആള്‍ക്കാര്‍ ഉണ്ട്, എന്‍റെ ചങ്ങാതിമാരായ ജിമ്മി, ജോസഫ്, ഷാജി, ജോജി, സജി, മനോജ്, പിന്നെ എന്‍റെ ജീമോള്‍ ഉണ്ട്‌, ഞങ്ങളുടെ നാട്ടിലെയും, അടുത്ത സ്ഥലങ്ങളിലെയും താരരാജകുമാരികള്‍ ഒക്കെ ഉണ്ട്‌.
ഞങ്ങളുടെ ഗ്രാമത്തിന്‍റെ പേരാണു പള്ളിപ്പുറം. ചേര്‍ത്തലയില്‍ നിന്നും ഒരു എട്ടു കിലോമീറ്റര്‍ വടക്കായിട്ടാണ് ഈ ഗ്രാമം. പക്ഷെ ഇപ്പോള്‍ ഗ്രാമം എന്ന് വിളിക്കാന്‍ കഴിയുമോ എന്ന് എനിക്കു സംശയം ഉണ്ട് കേട്ടോ. ഇവിടെ ഇപ്പോള്‍ എഞ്ചിനീയറിംഗ് കോളേജ് ഉണ്ട്‌, സിമന്റ്‌ ഫാക്ടറി ഉണ്ട്‌, ഇന്ടുസ്ട്രി ഏരിയ ഡെവലപ്പ് ചെയ്തു വരുന്നു. നല്ല കിടിലന്‍ സ്റ്റേറ്റ് ഹൈ വേ ഉണ്ട്‌, ഇന്‍റര്‍നെറ്റ് കഫെ ഉണ്ട്‌. വലിയ പാവാടയും, ഹാല്‍ഫ്‌ സാരിയും ഇപ്പോള്‍ ഓര്‍മകളായി. കള്ളിമുണ്ടും തോര്‍ത്തുമായി ചന്തയില്‍ വന്നിരുന്ന ചേട്ടന്മാര്‍ ഇപ്പോള്‍ വെള്ള മുണ്ടും ഷര്‍ട്ട്‌മായി വിലസുന്നു. ബൈക്ക്കളും , കാറുകളും, മിനിട്ടിനു മിനിട്ട് വച്ചുള്ള ബസ്കളും പാഞ്ഞു പോകുന്നു... അങ്ങനെ ഒട്ടനവധി മാറ്റങ്ങള്‍ ഇവിടെ ഉണ്ടിപ്പോള്‍..
എന്‍റെ ഓര്‍മയിലെ പള്ളിപ്പുറത്തിന് നിറം വെളുപ്പാണ്. എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും കാണാന്‍ കഴിയുന്ന പഞ്ചാര മണല്‍ കുന്നുകളും, അതിനിടയില്‍ അവിടവിടയായി കാണുന്ന പുന്ന മരങ്ങളും. വല്ല കാലത്തും ഓടുന്ന കുറെ ബസ്സുകളും, പിന്നെ കുറെ സൈക്കിളും ഇതായിരുന്നു ഞങ്ങളുടെ നാട്ടിലെ പ്രധാന സഞ്ചാര മാര്‍ഗങ്ങള്‍ .നാട്ടില്‍ ആകെ ഉണ്ടായിരുന്നത് രണ്ടു അമ്പസടോര്‍ കാറുകളും, ഒരു ആമ കാറും ആയിരുന്നു. നാലും കൂടിയ കവലയില്‍ മൊത്തത്തില്‍ നാല് ചായക്കടകളും ഉണ്ടായിരുന്നു. കൂടാതെ ശകലം പടിഞ്ഞാട്ടു മാറി ഒരു വായനശാലയും ഉണ്ടായിരുന്നു. കവലക്ക്‌ വടക്കും തെക്കുമായി ഓരോ കള്ളുഷാപ്പും, വടക്കു വശത്തായി ഒരു ചാരായക്കടയും ഉണ്ടയി‌ര്‍ന്നു . നാടിനു ചുറ്റുമായി, മൂന്ന് അമ്പലങ്ങളും, ഒരു പള്ളിയും ഉണ്ട്. കവലക്ക്‌ തെക്കുമാറി ഒരു ആശുപത്രിയും നിലവിലുണ്ട്. വളരെ ശാന്തമായിരുന്നു ഞങ്ങളുടെ ഗ്രാമം. അവിടെ കള്ളന്മാരും, കള്ളുകുടിയന്‍ മാരും ഉണ്ടായിരുന്നു. കമ്മുണിസ്ടും, കോണ്‍ഗ്രസ്സും ഉണ്ടായിരുന്നു. ഹിന്ദുവും, ക്രിസ്ത്യാനിയും ഒരു മുസ്ലിം കുടുംബവും ഉണ്ടായിരുന്നു. പണക്കാരന്‍ ഉണ്ടായിരുന്നു, പാവപ്പെട്ടവനും ഉണ്ടായിരുന്നു. കവലയില്‍ തന്നെയാണ്, നാട്ടിലെ പ്രധാന മീന്‍ ചന്തയും ഇറച്ചിക്കടയും. വൈകുന്നേരങ്ങളില്‍ ആള്‍ക്കാരുടെ ഒരു വരവാണ് ചന്തയിലേക്ക് പല ഭാഗത്ത് നിന്നും സാധനങ്ങള്‍ വാങ്ങാനായിട്ടു. വായനശാലയിലെ കോളാമ്പിയിലുടെ ആകാശവാണിയുടെ വയലും വീടും പരിപാടി നാട്ടിലെങ്ങും മുഴങ്ങി കേള്‍ക്കാം. ഒന്നു കൂടി കാതോര്‍ത്താല്‍ കളത്തില്‍ അമ്പലത്തിലെ റെക്കോര്‍ഡ് വച്ചിരിക്കുന്നതും കേള്‍ക്കാം. പള്ളിപ്പുറം പള്ളിയുടെ കിഴക്ക് നിന്നും ചേട്ടന്മാരുടെ വോളീബോള്‍ കളിയുടെ ആരവം കേള്‍ക്കാം. ചന്തയുടെ അരികിലായി, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കിലുക്കിക്കുത്ത് കളിക്കുന്ന ഒരു ആളെയും കാണാന്‍ കഴിയും. പോലീസ് എങ്ങാനും വന്നാല്‍ കിട്ടുന്ന തുട്ടും, കട്ടയും വാരി ആ പാവം ഒരു ഓട്ടമാണ്. എത്രവട്ടം അയാളെ പോലീസ് കൊണ്ടു പോയിട്ടുണ്ട്. നാട്ടില്‍ പോലീസ് വരുന്നതു തന്നെ ഒരു വാര്‍ത്തയാണ്‌. ത്രിസന്ധ്യനേരത്ത് പള്ളിയില്‍ നിന്നുംനാടിനെ പുല്‍കുന്ന വിളക്കുമണിയോച്ച കേള്‍ക്കാം. ഞങ്ങളും അവിടെ ഒന്നുകില്‍ പ്ലാസ്റ്റിക് പന്ത് കൊണ്ടുള്ള വോളീബോള്‍ കളി അല്ലെങ്ങില്‍ പല നാടന്‍ കളികളുമായി പള്ളിസ്കൂളിന്റെ പിറകില്‍ ഉണ്ടാകും. ഇപ്പോള്‍ ഏകദേശം ഒരു രൂപം നിങ്ങള്‍ക്ക് എന്‍റെ നാടിനെക്കുറിച്ച് ആയിക്കാണും എന്ന് കരുതുന്നു.. (നാളെ ഞാനും ജിമ്മിയും നേഴ്സറിയിലെ ഊഞ്ഞാലും..)