Thursday, March 26

പള്ളി പെരുന്നാളും, ഒരു ത്രിഗുണനും...

ഓഗസ്റ്റ്‌ 15, വളരെ പ്രശസ്തമായ ഞങ്ങളുടെ പള്ളിയിലെ വലിയ തിരുന്നാള്‍ ആണ്. ഞങ്ങളുടെ നാടിന്‍റെ ഒരു വലിയ വിശേഷം ആണ് ആ പെരുന്നാള്‍. പെരുന്നാളിന് ഇല്ലാത്ത ഇടപടൊന്നുമില്ല. ഒരു നാടന്‍ ഷോപ്പിങ്ങ് മാള്‍ ആയി ഞങ്ങളുടെ നാടു മാറപ്പെടുന്ന ദിവസം. പള്ളിയുടെ കിഴക്കേ വശത്തുള്ള കുരിശു പള്ളിയുടെ അടുത്ത് നിന്നും തുടങ്ങാം നമുക്കു പെരുന്നാള്‍ വിശേഷം. അവിടെ മൊത്തം രണ്ടു വിഭാഗം കച്ചവടക്കാരന് ഉള്ളത്. ഒന്നു മണ്‍ചട്ടികളും, മണ്‍കലങ്ങളും വില്‍ക്കുന്നവര്‍. പിന്നെ പായ വില്‍പ്പനക്കാര്‍.. അവിടെ നിന്നും ഒരല്പം കൂടി പടിഞ്ഞാട്ടു വന്നാല്‍ കാണാം പലതരം ഉണക്ക മീന്‍ വില്‍ക്കുന്ന കച്ചവടക്കാര്‍.. അവിടെ നിന്നും പിന്നെയും പടിഞ്ഞാട്ടു പോന്നാല്‍, റോഡിനു ഇരുവശവുമായി അല്ലറചില്ലറ സാധങ്ങളുമായി കുറെ ആള്‍ക്കാര്‍, പിന്നെയും പടിഞ്ഞട്ടെക്ക് പോന്നാല്‍, ഫര്‍ണീച്ചര്‍ കടക്കാര്‍, പിന്നെ ഒരു വലിയ ചെടി വില്‍പ്പന ശാല.. പിന്നെ കുറെ തുണി കടകള്‍(മൊബൈല്‍) , പിന്നെ പള്ളിമുറ്റം നിറയെ, വളക്കച്ചവടക്കാര്‍, മുറക്കച്ചവടക്കാര്‍, മിഠായി കച്ചവടക്കാര്‍, പുളിക്കച്ചവടക്കാര്‍, പോപ്പ് കോണ്‍ കച്ചവടക്കാര്‍, പഴ ക്കച്ചവടക്കാര്‍, വലക്കച്ചവടക്കാര്‍, ഇറച്ചി സാധനം കച്ചവടക്കാര്‍, ഏറ്റവും അവസാനമായി, ഇറച്ചി കച്ചവടം. ആകെ ഒരു തിരക്കും, ബഹളവും ഒക്കെയാണ്.. ഇറച്ചി കച്ചവടം നടക്കുന്ന സ്ഥലത്തു നിന്നും കായല്‍ തീരം വരെ എത്തിപെടാന്‍ ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും എടുക്കും. അത്ര തിരക്കാണ്..എത്ര തരം ശബ്ദങ്ങള്‍ നമുക്കന്നു കേള്‍ക്കാം എന്ന് അനുഭവിച്ചു നോക്കിയെന്കില്‍ മാത്രമെ നമുക്കറിയാന്‍ കഴിയൂ.. ഇനി വീടുകളിലോട്ടു നോക്കിയാലോ.. എല്ലായിടത്തും ഇഷ്ടം പോലെ വിരുന്നുക്കാര്‍.. അവിടെയും ഈ തിരക്ക് തന്നെയാണ് കാണാന്‍ കഴിയുക. അങ്ങനത്തെ ഒരു പെരുന്നാളിന് ഞങ്ങളുടെ ടീം ഒന്നു കൂടാന്‍ തീരുമാനിച്ചു.. പതിനാലാം തീയതി രാത്രിയില്‍, ജോജിയുടെ ഒഴിഞ്ഞ കടമുറിയില്‍ കൂടാന്‍ തീരുമാനമായി.. കള്ള് മേടിക്കാനുള്ള പൈസ എങ്ങനെയൊക്കെയോ സംഘടിപ്പിച്ചു.. രാത്രിയില്‍ എല്ലാവരും കൂടി എന്റെ വീട്ടില്‍ വന്നു. അവിടെ നിന്നും ഒരു towel എടുത്തു നേരെ ഞങ്ങളുടെ വീടിന്നടുത്തുള്ള ഒരു എക്സ്-മിലിട്ടറിക്കാരന്റെ വീട്ടില്‍ ചെന്നു, ഒരു XXX Rum വാങ്ങി, കൊണ്ടുപോയ towel ല്‍ പൊതിഞ്ഞു നേരെ നമ്മുടെ സ്ഥലത്തെത്തി.. ഒരു പിടിപ്പീര് തുടങ്ങി.. ഞാന്‍ ശരിക്ക് അടിക്കുന്ന കൂട്ടത്തിലായിരുന്നു.. എല്ലാവരും കൂടിയപ്പോള്‍ ഞങ്ങളന്നു ശരിക്ക് കൂടി. രാവിലെ ഒരു 5 മണി ആയിക്കാണും ഞങ്ങള്‍ പിരിഞ്ഞപ്പോള്‍. വീട്ടില്‍ വന്നപ്പോള്‍ ഒരു ബോധവും ഇല്ല.. എനിക്കണെങ്കില്‍ അന്ന് പള്ളിയില്‍ പാടാനും പോകണമായിരുന്നു.. ഒരു വിധത്തില്‍ എണീറ്റ്‌ കുളിച്ചു രാവിലെ പാടാന്‍ പോയി.. അന്ന് ഉച്ചകഴിഞ്ഞ് ഒരു 2 മണി വരെ സത്യത്തില്‍ ഒരു രസവും ഇല്ലായിരുന്നു.. കുടിച്ചതിന്റെ ക്ഷീണം , പിന്നെ ആകെ ഒരു വല്ലായ്ക.. അങ്ങനെ ആദ്യത്തെ പെരുന്നാള്‍ കൂടലില്‍ തന്നെ എന്‍റെ പരിപാടി പൂട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ..ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ശരിക്കും അതിശയം തോന്നുകയാണ്‌.. അന്ന് ഇവിടെനിന്നും കിട്ടി അത്ര ധൈരൃം... ഉത്തരം ഒന്നേയുള്ളൂ..കൂടെ കൂട്ടുകാര്‍ ഉണ്ടായിരുന്നപ്പോള്‍ എന്ത് സംഭവിച്ചാലും അവര്‍ നോക്കികോളും എന്ന ഒരൊറ്റ ധൈരൃം, അതായിരുന്നു എല്ലാ തരികിട പ്രവര്‍ത്തികള്‍ക്കും പിന്നിലുണ്ടായിരുന്ന പ്രചോദനം..

Wednesday, March 25

ചില അവുധിക്കാല പരിപാടികളിലൂടെ..

അവുധിക്കാലം എന്ന് വച്ചാല്‍ ചിലപ്പോഴെന്കിലും ഞങ്ങള്ക്ക് വളരെ ബോര്‍ ആവുമായിരുന്നു.. ഒന്നും ചെയ്യാതെ, ഒരു കിളികളെയും കാണാതെ എങ്ങനെ ജീവിതം തള്ളി നീക്കാനാണ്? അവുധിക്കാലം എന്ന് പറയുമ്പോള്‍ ഞായറാഴ്ച വേദോപദേശം ഇല്ല, അപ്പോള്‍ ഞങ്ങളുടെ കിളികളും എത്താറില്ല.. പിന്നെ എങ്ങനെ സമയം പോകാനാ? ഇനി വല്ല സിനിമയും കാണാന്‍ പോകാം എന്നുവച്ചാല്‍ ഞങ്ങളാരും തന്നെ ടാടയുടെ മക്കളല്ലല്ലോ? പിന്നെ എന്താ ചെയ്യുക. ഒന്നുമില്ല.. ഒന്നു രണ്ടു കെട്ട് ദിനേശ് ബീഡി വാങ്ങുക, നേരെ പള്ളിയുടെ മുന്‍വശത്തോ, സിമിത്തേരിയില്‍ ജോജിയുടെ ഉപ്പാപ്പന്റെ കല്ലറയുടെ മുകളിലോ കൂടുക. രാവിലെ കാപ്പി കുടി കഴിഞ്ഞു ഞങ്ങള്‍ ഇറങ്ങുകയായി... കാശുള്ളവന്‍ ബീഡി വാങ്ങി വരും,, നേരത്തെ പറഞ്ഞ ഏതെങ്കിലും സ്ഥലത്തു ഉച്ചവരെ കൂടും. ഉച്ചകഴിഞ്ഞ് പതിവു പോലെ ഊണും കഴിച്ചു പുറത്തിറങ്ങുകയായി, അടുത്ത ട്രിപ്പ്‌ ബീഡി വലിക്കായി. ആ കാലങ്ങളിലെ ഞങ്ങളുടെ സകല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടിരുന്നത്‌ ആ പള്ളിമുറ്റത്തെ കൂടിക്കാഴ്ച്ചകളിലായിരുന്നു... പ്രശ്നപരിഹാരത്തിന്, ആ കട്ടന്‍ ബീഡിക്കുള്ള പങ്കു അന്ന് വളരെ വലുതായിരുന്നു..

Saturday, March 21

ഒരു മാമ്പഴക്കാലം..

ഒരു അവുധിക്കാലം.. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാല്‍ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ എന്ന് ചിന്തിച്ചു നടക്കുകയായിരുന്നു ഞങ്ങള്‍.. അവുധിക്കാലം എന്നുപറയുമ്പോള്‍ നിങ്ങള്‍ക്കറിയാമല്ലോ അത് മാമ്പഴക്കാലം കൂടിയാണെന്ന്..ജോജിയുടെ വീട്ടിലനെന്കില്‍ ഇഷ്ടം പോലെ മാവുകള്‍, അതില്‍ നിറയെ നല്ല മുഴുത്തു, മൂത്ത് പഴുത്ത പലതരത്തിലുള്ള മാങ്ങകള്‍ കിടക്കുന്നു..ഉച്ചക്കുള്ള ഊണും കഴിച്ചു , ഞങ്ങള്‍ അങ്ങനെ ജോജിയുടെ വീട്ടില്‍ ഒത്തു ചേരാന്‍ തുടങ്ങി. എല്ലാ ദിവസവും അവിടെ നിന്നും മാങ്ങാ കഴി തുടങ്ങി. തുടക്കത്തില്‍ മൂത്ത് പഴുത്തു കാറ്റത്തു തനിയെ താഴെ വീഴുന്ന മാങ്ങാകളായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. പക്ഷെ ഞങ്ങള്‍ 7 പേരില്ലേ.. അപ്പോള്‍ വീഴുന്ന മാങ്ങയുടെ എണ്ണം പോരാതെയായി. പതിയെ പതിയെ ജോജിയുടെ അമ്മയും, പെങ്ങന്മ്മാരും കാണാതെ മാവില്‍ എറിയാന്‍ തുടങ്ങി. ആ വര്‍ഷം ജോജിയുടെ വീട്ടിലെ സകല മാവുകളും, നാരായണന്‍ പണം കൊടുത്തുറപ്പിച്ചു വച്ചതായിരുന്നു. നാരയണന്‍ എന്ന് പറയുന്ന ആളാണ് ഞങ്ങളുടെ പള്ളിപ്പുറത്തെ മൊത്ത മാങ്ങാ വ്യാപാരി..ഞങ്ങളുടെ വരവും പോക്കും കണ്ടപ്പോള്‍ നാരായണനും സംശയം ആയി. പുള്ളിക്കാരനാണെങ്കില് പണ്ടേ ഞങ്ങളോട് അത്ര പ്രീതി പോരാ.. മാവില്‍ തൂങ്ങി കിടക്കുന്ന മാങ്ങയുടെ എണ്ണം കണ്ടു വിലപറഞ്ഞുറപ്പിച്ചതായിരുന്നു ആ കച്ചവടം, പക്ഷെ, ഞങ്ങള്‍ എന്നും അവിടെ വരുന്നതു കണ്ടപ്പോള്‍, പുള്ളിയും ഇടക്കിടെ അവിടെ വന്നു നോക്കുവാന്‍ തുടങ്ങി. പുള്ളി വരുമ്പോള്‍, ഞങ്ങള്‍ അവിടെ എവിടെയെങ്കിലും പതുങ്ങി നില്ക്കും,, പുള്ളിക്കാരന്‍ സ്ഥലം വിടുമ്പോള്‍, ഉടന്‍ തുടങ്ങും കല്ലേറ്. ആ നാളുകളില്‍ ജിമ്മിക്ക് റേഷന്‍ കടയില്‍ ഓവര്‍ ടൈം ചെയ്യേണ്ടി വന്നില്ലായിരുന്നു..എന്തിന് ചെയ്യാന്‍? അതിനും മാത്രം മാങ്ങയല്ലേ ഓരോ ദിവസവും ഉച്ചകഴിഞ്ഞ് ഞങ്ങള്‍ കഴിച്ചിരുന്നത്. പിന്നെങ്ങനെയാ പൊറോട്ട കഴിക്കാന്‍ വയറ്റില്‍ സ്ഥലം കാണുക? ആ മാമ്പഴക്കാലം ഞങ്ങള്‍ ശെരിക്കും ആസ്വദിച്ചു.. അതിന് കാരണം ആ മാങ്ങാ എറിഞ്ഞു വീഴ്ത്തുമ്പോള്‍ ഉണ്ടാകുന്ന ഒരു ത്രില്‍, അതും ജോജിയുടെ വീടുകരെയും, നാരായണനെയും പേടിച്ചുള്ള ആ മാങ്ങാ ഏറിയാല്‍, അത് ഒരു രസമുള്ള പരിപാടി ആയിരുന്നു കേട്ടോ..ഒരു പക്ഷെ ജീവിതത്തില്‍ ഏറ്റവും നന്നായി ആഘോഷിച്ച മാമ്പഴക്കാലവും, അവുധിക്കലവും അതായിരുന്നിരിക്കണം..

Friday, March 20

മടങ്ങി വരാം ഞങ്ങളിലേക്ക്..

കഴിഞ്ഞ കഥകള്‍ വായിച്ചപ്പോള്‍ നിങ്ങള്‍ ഞങ്ങളില്‍ ഒരാളെക്കൂടി പരിചയപ്പെട്ടു.. ജോജി എന്ന കൂട്ടുകാരന്‍.. ഇതിനിടയില്‍ എപ്പോളോ ഞങ്ങളുടെ മനോജും ഞങ്ങളില്‍ എത്തിപെട്ടു. ഇപ്പോള്‍ ഞങ്ങളുടെ എണ്ണം 6 ആയി. അതായതു, ജിമ്മി, ജോസഫ്, ഷാജി, ജോജി, മനോജ്, പിന്നെ ഞാനും. എല്ലാവരും വൈകുന്നേരങ്ങളില്‍ ഒന്നുകില്‍ പള്ളിമുറ്റം അല്ലെങ്കില്‍ വായനശാലയുടെ മുന്നിലുള്ള റിംഗില്‍ ഒത്തു ചേരുമായിരുന്നു. ഞങ്ങള്‍ എല്ലാവരും തന്നെ ദരിദ്ര നാരായണന്മാര്‍ ആയിരുന്നെങ്കിലും, വീട്ടില്‍ മുതലുള്ള കൂട്ടത്തിലായിരുന്നു, ജിമ്മിയും, ജോജിയും, മനോജും. പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം, ഒക്കെ കാശിന്റെ കാര്യത്തില്‍ കണക്കായിരുന്നു. ശരിക്കും പറഞ്ഞാല്‍, ജിമ്മി ആയിരുന്നു, ഞങ്ങളുടെ സ്പോന്‍സോര്‍. ഒരു 20 രൂപ മതി ഞങ്ങള്ക്ക് അന്ന് ഒരു ദിവസം കഴിയാന്‍, പക്ഷെ, വേണ്ടേ അത്? ഞങ്ങളുടെ സന്തോഷം അവന്‍റെ സന്തോഷമായി കണ്ട ജിമ്മിക്ക് അതിനുള്ള വഴി അറിയാമായിരുന്നു. അവര്‍ക്ക്‌ അന്ന് ഒരു റേഷന്‍ കട ഉണ്ടായിരുന്നു. ജിമ്മിയുടെ ചേട്ടന്മാര്‍ ആയിരുന്നു അവിടെ ഇരുന്നിരുന്നത്, എന്നാല്‍ അവര്‍ക്ക്‌ ഒരു റെസ്റ്റ് കൊടുക്കുന്നതിനായി ജിമ്മി ആ കടയില്‍ ഉച്ചകഴിഞ്ഞ് പോകുമായിരുന്നു. ആ സമയം, അവന്‍ ഞങ്ങള്‍ക്കു വേണ്ട പൈസ ഒപ്പിക്കുവായിരുന്നു. വൈകുന്നേരം പള്ളിമുററത്തു ഞങ്ങള്‍ കൂടുമ്പോള്‍, ജിമ്മിയുടെ വരവിനായി കാത്തിരിക്കും, അവന്‍റെ മുഖം കണ്ടാല്‍ അറിയാം കയ്യില്‍ കാശുണ്ടോ എന്ന്. വന്നുകഴിഞ്ഞാല്‍ ശകലം ജാടയൊക്കെ കാണിച്ചശേഷം, മടിക്കുത്തില്‍നിന്നും കാശെടുത്ത് ഒന്നു വീശി കാണിച്ചിട്ട്, ഒരു ഗ്ലാമര്‍ ചിരി പാസ്സക്കലുണ്ട് ആശാന്‍.. പിന്നെ നേരെ ശശിയുടെ ചായക്കടിയിലെക്കാണ്...അവിടെ ചെന്നു ആവശ്യത്തിനുള്ള പൊറോട്ടയും ബീഫും കഴിച്ചു, ചായയും കുടിച്ചു പുറത്തിറങ്ങും. ആ കടയില്‍ നിന്നുള്ള ജിമ്മിയുടെ ഏക ഡിമാന്‍റ് ചൂടു വെള്ളം കുടിക്കാന്‍ വേണം എന്നതാണ്. പാവം പാട്ടുകാരനല്ലേ, സ്വരം പോയാലോ എന്ന് പേടിച്ചാവണം ആ ചൂടുവെള്ളം കുടിക്കല്‍( പക്ഷെ ദിനേശ് ബീഡി വലിക്കുമ്പോള്‍ സ്വരം പോവില്ലേ? ഓ.. അത് പിന്നെ ദിനേശ് ബീഡി ചൂടുള്ള പുകയല്ലേ തരുന്നത്..പിന്നെങ്ങനെയാ സ്വരം പോകുന്നത്..ഞാന്‍ എന്തൊരു മണ്ടന്‍..) ആ ചായ കുടി കഴിഞ്ഞാല്‍ നേരെ വേലപ്പന്‍ പിള്ളയുടെ കടയില്‍ നിന്നും ഒരു പൊതി ദിനേശ് ബീഡി, 6 wills, എന്നിവയുമായി, ഇണക്കം പോലെ, ഒന്നുകില്‍ വെള്ളിമുറ്റതേക്ക്, അല്ലെങ്കില് രിംഗിലേക്ക്.. ഒരു 8 മണി വരെ അങ്ങനെ വെടി പറഞ്ഞും, ബീഡി വലിച്ചും കഴിച്ചു കൂട്ടും. ഭൂമിക്കു താഴെയുള്ള സകല വിഷയങ്ങളും ഞങ്ങള്‍ സംസാരിക്കും..കവിതകള്‍ ചൊല്ലും..മാര്‍ക്കറ്റില്‍ പോകുന്നം അമ്പിളി, ലത, ഇത്യാദി താരങ്ങളെ നോക്കി വെള്ളമിറക്കും... നിമിഷ നേരങ്ങള്‍ കൊണ്ടു കവിതകള്‍ ഉണ്ടാക്കി പാടും...പിന്നെ വലിയ വലിയ എടുത്താല്‍ പൊങ്ങാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു നേരംകളയും... ഇതിനിടയില്‍ ചിലപ്പോഴൊക്കെ ഭാവിയെക്കുറിച്ചും, ഒന്നിച്ചു ഒരു വലിയ കോമ്പൌണ്ടില്‍ 6 വലിയ വീട്ടില്‍ ജീവിക്കുന്ന ഞങ്ങളെ ക്കുറിച്ചും സംസാരിക്കാറുണ്ടായിരുന്നു.. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പില്‍ നടന്ന ഈ കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒത്തിരി വിഷമം തോന്നാറുണ്ട്..ഒരു 7 ശരീരവും ഒരു മനസ്സുമായി നടന്ന ഞങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടു പല വഴിക്കാണ്..എങ്കിലും ഒരാശ്വാസം ഉണ്ട്..ആരും തന്നെ നശിച്ചു പോയില്ല.. എല്ലാവരും തന്നെ നല്ല രീതിയില്‍ ജീവിക്കുന്നു... ഞങ്ങള്‍ ഏഴ് പേരില്‍ നാല്പേര്‍ ഞങ്ങളുടെ നാട്ടില്‍ തന്നെ സ്ഥിര താമസം. ഒരാള്‍ ചെറിയ ബിസിനസ്സ് നടത്തുന്നു(ഭാര്യയും ഒരു കുട്ടിയും ഉണ്ട്).. മറ്റു മൂന്ന് പേര്‍ നല്ല കമ്പനികളില്‍ ജോലി ചെയ്യുന്നു, കുടുംബത്തോടൊപ്പം നാട്ടിലെ പ്രേമാണിമാരായി വിലസുന്നു. ഒരാള്‍ ബോംബെയില്‍, കുടുംബ സമേതം, ഒരാള്‍ ഓസ്ട്രലിയായില് കുടുംബ സമേതം, ഞാന്‍ തല്ക്കാലം നാട്ടില്‍ ഉണ്ടെന്‍കിലും കുടുംബ സമേതം ഡെല്‍ഹിയില്‍ ആണ്. എപ്പോഴും ആ ഗതകാല സ്മരണകള്‍ എന്നെ വിഴുങ്ങാറുണ്ട്. ഇത്രയും നല്ല കൂട്ടുകാരെ എനിക്ക് കിട്ടിയതില്‍ ഞാന്‍ തമ്പുരാന് നന്ദി പറയുന്നു.. അവരുടെ നന്മക്കായി പ്രാര്‍ത്ഥിക്കുന്നു. എല്ലാവരും അവരവരുടേതായ മേഘലകളില്‍ ബിസി ആണ് എന്നെനിക്കറിയാം..എങ്കിലും, പഴയ GYPSY'S നു ചരമഗീതം പാടല്ലേ എന്ന് ആശിക്കുന്നു..

Thursday, March 19

ആ പ്രണയത്തിന്റെ അന്ത്യം..

ഈ സംഭവങ്ങള്‍ വായിക്കുന്നവരോട് ഒരു അഭ്യര്‍ഥന ഉണ്ട്. ദയവായി, നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്നെ അറിയിക്കണം..പ്ലീസ്.., എനിക്കറിയാം ആരൊക്കെയോ ഇതിലൂടെ കടന്നു പോകുന്നുണ്ട് എന്ന്, എന്‍റെ hit counter എന്നെ അത് അറിയിക്കുന്നുമുണ്ട്.. ദയവായി നിങ്ങള്‍ ഒരു comment പറഞ്ഞു കടന്നു പോകുകയാണെങ്കില്‍ എനിക്ക് എഴുതാന്‍ ഒരു പ്രജോദനം ആയേനെ.. ഇനി പിന്നെ നിങ്ങളുടെ ഇഷ്ടം പോലെ..
അപ്പോള്‍ നമ്മള്‍ എവിടെയാ? ഓ.. ആ പ്രണയത്തിന്റെ അന്ത്യം.. ആ ഇടക്കാണ്‌ ഞങ്ങളുടെ CLC യില്‍ ഒരു ക്യാമ്പ് നടന്നത്. ഞങ്ങളുടെ പള്ളിയുടെ കീഴിലുള്ള എല്ലാ പള്ളികളില്‍ നിന്നുമുള്ള CLC ക്കാര്‍ അതില്‍ ഉണ്ടായിരുന്നു.. ഞാന്‍ PDC പഠിക്കുമ്പോഴായിരുന്നു അത് നടന്നത്. എന്‍റെ പ്രേമം അതിന്‍റെ ഏറ്റവും പരിതാപകരമായ അവസ്തവിശേഷത്തിലൂടെ കടന്നു പോകുമ്പോളായിരുന്നു ആ ക്യാമ്പ് നടന്നത്. എന്‍റെ താരം വീട്ടു തടങ്കലില്‍ ആയിരുന്നു അപ്പോള്‍. വളരെ ബുദ്ധിമുട്ടിയായിരുന്നു ഒന്നു കണ്ടിരുന്നത്‌ തന്നെ. അപ്പോള്‍ പിന്നെ ക്യാമ്പില്‍ വരിക എന്നത് തീര്‍ത്തും അസാധ്യം. പക്ഷെ എനിക്കു ആ ക്യാമ്പില്‍ പങ്കെടുത്തെ മതിയാകുമായിരുന്നുള്ളൂ, കാരണം അതിന്‍റെ സംഘടകരില്‍ ഒരാള്‍ ഞാന്‍ ആയിരുന്നു. 3 ദിവസത്തെ ക്യാമ്പ് ആയിരുന്നു. ഞങ്ങളുടെ ഏരിയായിലെ എണ്ണംപറഞ്ഞ കിളികള്‍ ഒക്കെ തന്നെ ഉണ്ടായിരുന്നു. അതില്‍ എനിക്കു നേരത്തെ അറിയാവുന്ന, പണാവള്ളിയില്‍ നിന്നുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ഒത്തിരി ഞങ്ങള്‍ സംസാരിച്ചു, ഒത്തിരി നേരം ഞങ്ങള്‍ ഒന്നിച്ചു ചിലവഴിച്ചു, അങ്ങനെ ഒത്തിരി നല്ല കൂട്ടുകാരും ആയി. അങ്ങനെ ആ ക്യാമ്പ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞു, എങ്കിലും, ഇടക്കൊക്കെ ആ കുട്ടിയെ ഞാന്‍ കാണാറുണ്ടായിരുന്നു "ചിറയില്‍പറമ്പില്‍" ബസില്‍ ചില്ലിട്ട് വച്ച പോലെ..നല്ല ഒരു കൂട്ടുകാരി എന്നതില്‍ കൂടുതല്‍ ഞങ്ങള്‍ തമ്മില്‍ ഒന്നും ഇല്ലായിരുന്നു അപ്പോള്‍. പക്ഷെ, എങ്ങനെയോ എന്‍റെ താരം ഈ കഥകള്‍ അറിഞ്ഞു. പിന്നെ എന്നോട് സംസാരിക്കാനോ, കാണുവാനോ, കത്തുകള്‍ തരുവാനോ അവള്‍ തയ്യാറായില്ല. ഒന്നു കാണുവാന്‍, ഒന്നു സംസാരിക്കുവാന്‍ ഞാന്‍ ഒത്തിരി ശ്രെമിച്ചു.. എനിക്ക് പിടിതരാതെ ഒഴിഞ്ഞു മാറി അവള്‍ .പിന്നെ ഞാന്‍ കേട്ടത്, എനിക്ക് അവളുടെ കത്തുകള്‍ എത്തിച്ചു തന്ന ആ പയ്യനുമായി അവള്‍ പ്രണയത്തില്‍ ആയെന്നാണ്‌. തകര്‍ന്ന് പോയി ഞാന്‍.. ഒത്തിരി ശ്രെമിച്ചെങ്കിലും എനിക്കവളുമായി കണ്ടുമുട്ടാന്‍ സാധിച്ചില്ല, അല്ലെങ്കില്‍ അവള്‍ അതിന് സമ്മതം തന്നില്ല. തീര്‍ത്തും തകര്‍ന്ന് പോയ അവസ്ഥയില്‍ എന്‍റെ കൂട്ടുകാര്‍ എനിക്ക് ബലമേകി. "അവള്‍ പോകുന്നെന്കില്‍ പോട്ടെടാ.." എന്ന് ഒരുത്തന്‍. "അല്ലെങ്കിലും നിനക്കവല്‍ ചേരുന്നില്ലായിരുന്നു" എന്ന് മറ്റൊരുത്തന്‍(കിട്ടാത്ത മുന്തിരി പുളിക്കും അല്ലെ? ). എന്തായാലും തീരുമാനമായി..കരഞ്ഞും പിഴിഞ്ഞും സങ്കടപെട്ടും ഇരിക്കാന്‍ മനസില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു. കൂടെ മറ്റൊന്ന് കൂടി, ഇനി ഒരിക്കലും പ്രേമിക്കില്ല എന്നും ...പിന്നീട് ഒരിക്കല്‍ വൈക്കത്തേക്കുള്ള യാത്രക്കിടയില്‍ അവളെ കണ്ടുമുട്ടി. ഒത്തിരി നാളുകള്‍ക്ക് ശേഷം അവളെ പെട്ടെന്ന് കണ്ടപ്പോള്‍ എന്‍റെ ഹൃദയം പടപടാന്നു ഇടിക്കാന്‍ തുടങ്ങി. എങ്കിലും അവളെ കണ്ടില്ല എന്ന് നടിച്ചു ബോട്ട് ഇറങ്ങി ഞാന്‍ നടന്നു തുടങ്ങി.. അപ്പോള്‍ പിറകില്‍ നിന്നും "എടോ എടോ" എന്നുള്ള ഒരു വിളി. നാളിതുവരെ "സിബിച്ചേട്ടാ" എന്ന് സ്നേഹപൂര്‍വ്വം വിളിച്ചു കേട്ട നാവില്‍ നിന്നും എടോ എന്ന് കേട്ടപ്പോള്‍ ഞാന്‍ ഒന്നു അമ്പരന്നു..സ്വരം തിരിച്ചറിഞ്ഞ ഞാന്‍ തിരിഞ്ഞു നിന്നു.. ഒത്തിരി ദേഷ്യത്തോടെ അവള്‍ പറഞ്ഞു തുടങ്ങി " ഇനി താന്‍ എന്നെ നോക്കേണ്ടാ എനിക്ക് തന്നെ ഇഷ്ടമല്ല". " താന്‍ " എന്ന വിളിയും "എടോ " എന്ന സംബോധനയും എന്നെ ദേഷ്യം പിടിപ്പിചെങ്കിലും ഞാന്‍ ഒത്തിരി സ്നേഹത്തോടെ അവളുമായി സംസാരിച്ചുകൊണ്ടു നടന്നു..ആ സംസാരത്തില്‍ നിന്നും എനിക്കൊന്നു മനസിലായി ആ ക്യാമ്പില്‍ കണ്ട ആ പെണ്‍കുട്ടിയാണ് ഇതിനൊക്കെ കാരണം എന്ന്.. എങ്കിലും അതിനെക്കുറിച്ച് എന്നോട് ഒരു വാക്ക് പോലും നേരിട്ടു ചോദിക്കാതെ, മറ്റൊരാളെ പ്രണയിച്ചു തുടങ്ങിയ ആ മനസിനെ മനസിലാക്കാന്‍ ഈ പാവം പള്ളിപ്പുറത്തുകാരന് കഴിഞ്ഞില്ല..ഏകദേശം നാലു വര്‍ഷത്തോളം നീണ്ട ഞങ്ങളുടെ പ്രണയത്തിനു അങ്ങനെ ഒരു അവസാനം ആയി. എന്നെ പിരിഞ്ഞു, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരാളെ പ്രേമിച്ചു തുടങ്ങിയ ആ എന്‍റെ താരത്തിനു എന്നെ ശരിക്കും ഇഷ്ടംയിരുന്നോ, ഇന്നും അതിനുത്തരം എനിക്കറിയില്ല. ഒരു പക്ഷെ കുട്ടിക്കാലത്തിന്റെ അവളുടെ വികൃതികളില്‍ ഒന്നു ആയിരുന്നിരിക്കണം എന്നോടുള്ള ആ പ്രണയവും. അതിനെ serious ആയി ഞാന്‍ കണ്ടതിനു അവളെ എന്തിന് കുറ്റപ്പെടുത്തണം?

Wednesday, March 18

ജോജിയുടെ സ്വപ്നം..

നിങ്ങള്‍ വിചാരിക്കുന്നുണ്ടയിരിക്കും ഇപ്പോള്‍ ഈ ജോജി എന്തിനാ എന്റെ കൂടെ ഇത്ര അധികം കഷ്ടപ്പെട്ടത് എന്ന്. അതിന് ഒരു വലിയ കാരണം ഉണ്ട്. ഒന്നുമില്ലാതെ ജോജി ഒന്നിനും കൂടില്ല എന്നുള്ളത് നൂറു തരം അല്ലെ.. എന്റെ താരത്തിനു അതിനിടയില്‍ ഒരു പുതിയ കൂട്ടുകാരി ഉണ്ടായിരുന്നു. ഒരു വെളുത്തു ഉരുണ്ട പൂച്ചക്കണ്ണി. അവന് അവളെ വലിയ ഇഷ്ടമായിരുന്നു. പക്ഷെ നേരിട്ടു പറയാന്‍ അവന് ഭയം. ഞാന്‍ വഴി, എന്‍റെ താരത്തിലൂടെ അവളെ ലൈന്‍ ഇടാനയിരുന്നു ജോജിയുടെ ശ്രേമം. അപ്പോള്‍ പിന്നെ എന്‍റെ കാര്യത്തിനായി അവന്‍ സൈക്കിള്‍ ചവിട്ടിയെ മതിയാവു. പാവം, ഒത്തിരി അവന്‍ എനിക്കു കൂട്ട് വന്നിരുന്നു കേട്ടോ. ഇതിനിടയില്‍, നമ്മുടെ കക്ഷിയോടു പറഞ്ഞു, അവന്റെ ആ പൂച്ചക്കണ്ണിയോട് ഞാന്‍ കാര്യം അവതരിപ്പിച്ചു. അവള്‍ക്കു അവനോടു താല്പര്യം ആയിരുന്നു. പക്ഷെ പൊതുവെ നാണം കുണുങ്ങിയായ ജോജിക്ക് കാര്യങ്ങള്‍ അത്ര എളുപ്പം അല്ലായിരുന്നു. പിന്നെ അവന്റെ അവശ്യ പ്രകാരം ആ പൂച്ചക്കണ്ണിയില്‍ നിന്നും ഒരു പ്രേമലഖനവും ഒപ്പിച്ചു ഞാന്‍ കൊടുത്തു. കുറെ നാള്‍ അവര്‍ കണ്ടു കണ്ടില്ല , കേട്ടു, കേട്ടില്ല എന്ന മട്ടില്‍ നടന്നു, എങ്ങുമെങ്ങും എത്താതെ അതിനും ഒരു പരിസമാപ്തിയായി. ഇതിനിടയില്‍ എന്‍റെ താരത്തിന്റെ വീട്ടില്‍ കാര്യങ്ങള്‍ വഷളായി, അവളെ പള്ളിയിലേക്ക് വിടതെയായി. അങ്ങനെ ഞങ്ങളുടെ കാണല്‍ തീര്ത്തും ഇല്ലാതെയായി. അപ്പോളും അവള്‍ എനിക്കുള്ള കത്തുകള്‍ അവളുടെ വീടിന്റെ അടുത്തുള്ള ഒരാള്‍ വശം എന്നില്‍ എത്തിച്ചിരുന്നു. പരസ്യമായി കണ്ടുകൊണ്ടിരുന്ന ഞങ്ങള്‍ പിന്നെപിന്നെ ഇടവഴികളിലും, മറ്റും കണ്ടു മുട്ടി. ഒരു കത്തെങ്കിലും എത്തിക്കാത്ത ദിവസങ്ങള്‍ വിരളം ആയിരുന്നു. എന്‍റെ കൂട്ടുകാര്‍ ഒത്തിരി എന്നെ സഹായിച്ചു ആ സമയങ്ങളില്‍. ഒരിക്കല്‍ ഞാനും ജോസഫും കൂടി അവളുടെ പള്ളിയില്‍ പെരുന്നാളിന് പോയ കാര്യം ഓര്‍ത്ത് പോകുന്നു. അന്ന് ഞങ്ങള്‍ ഞങ്ങളുടെ ഇഷ്ടം തുറന്നു പറയാതെ പ്രേമിച്ചു നടക്കുന്ന സമയം ആയിരുന്നു. പള്ളിയിലെ പരിപാടികള്‍ കഴിഞ്ഞു പതിയെ അവളുടെ കൂടെ നടന്നു ഞങ്ങള്‍ അവളുടെ വീട്ടില്‍ ചെന്നു. മകളുടെ കൂട്ടുകാരെ അവളുടെ അമ്മ ശരിക്കും സ്വീകരിച്ചു. ആ അമ്മക്കറിയില്ലല്ലോ, ഞങ്ങളുടെ മനസ്സില്‍ പ്രേമം ആണെന്ന്. ഒതിര്‍ നേരം അവിടെ ഇരുന്നു സംസാരിച്ചു, പിന്നെ, കുറെ ഈന്തപഴവും ചായയും കുടിച്ചു ഒത്തിരി വൈകുവോളം അവിടെ ഇരുന്നു സംസാരിച്ചു. പിന്നെ ഞങ്ങള്‍ പതിയെ യാത്ര തിരിച്ചു. രാത്രി നന്നേ വൈകിയിരുന്നു, ഒരു പൂഴിയിട്ട റോഡ് ആയിരുന്നു, അതും കുണ്ടും കുഴിയും ഒക്കെയായി ഒരു റോഡ്. കയ്യില്‍ ഒരു തിരി വെളിച്ചം പോലും ഇല്ലാതെ ആ രാത്രിയില്‍ അപരിചിതമായ വഴിയിലൂടെ ഞാനും ജോസഫും നടന്നു. ജോസഫിന്‍റെ വീട്ടിലെത്താന്‍ ഒരു ചെറിയ ഇടവഴിയുണ്ടായിരുന്നു. ഒരു മണല്‍ക്കുന്നു കയറി, തോട്ചാടിയൊക്കെയാണ് ആ ഇടവഴി നീളുന്നത്. മുകളില്‍നിന്നു, മേഘങ്ങള്‍ക്കിടയിലൂടെ ഒഴുകി വീഴുന്ന നിലാവ് ആ മണല്‍കുന്നുകളെ ആകെ പാല്‍ കുന്നുകള്‍ ആക്കി. ഒരു കുഞ്ഞു പോലും ഇല്ലാത്ത ആ വഴിയിലൂടെ പല വിധ കാര്യങ്ങള്‍ പറഞ്ഞും, പാട്ടുകള്‍ പാടിയും, പിന്നെ ഇടക്കിടെ പേടിച്ചും ഞങ്ങള്‍ ജോസഫിന്‍റെ വീട്ടിലെത്തി. അവിടെ നിന്നും തനിച്ചു വേണം എനിക്കിനി എന്‍റെ വീട്ടിലേക്ക് പോകാന്‍.. എനിക്കാണെങ്കില്‍ നല്ല പേടിയും.. കളത്തില്‍ അമ്പലത്തിന്റെ പരിസരത്ത് കൂടി വേണം എനിക്കിനി പോകാന്‍.. മാത്രവുമല്ല, കളത്തില്‍ അമ്പലം എത്തുന്നതിനു മുന്നേ ഒരു സര്‍പ്പ കാവും ഉണ്ട്. എന്തായാലും രണ്ടും കല്‍പ്പിച്ചു ഞാന്‍ നടന്നു തുടങ്ങി. ഉള്ളില്‍ പ്രാര്‍ത്ഥന ചൊല്ലി ഞാന്‍ നടന്നു..സര്‍പ്പ കാവിന്‍റെ അവിടെ എത്തിയപ്പോള്‍ ഒരൊറ്റ ഓട്ടം. അത് നിന്നത് അമ്പലവും ഒക്കെ കഴിഞ്ഞു എന്തായാലും, ഒരുവിധം കിതച്ചും വിയര്‍ത്തും ഞാന്‍ വീട്ടിലെത്തി.. ഒത്തിരി പേടിച്ചെങ്കിലും, വിയര്‍ത്തെങ്കിലും, ഓടിയെങ്കിലും എന്താ, ഞാന്‍ എന്‍റെ താരത്തിനൊപ്പം അവളുടെ വീട്ടില്‍ പോയില്ലേ എന്ന സന്തോഷത്തില്‍ കിടന്നുറങ്ങി ഞാന്‍ ..

Tuesday, March 17

വീണ്ടും കഥകള്‍ തുടരുന്നു..

ഒരടിപൊളി ഡെല്‍ഹി ട്രിപ്പ്‌ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് ഞാന്‍ ഇപ്പോള്‍. മക്കളോടും, ജീമോളുവിനോടുമോപ്പമുള്ള ആ ദിവസങ്ങള്‍ എത്ര സുന്ദരങ്ങള്‍ ആയിരുന്നു.. ഒത്തിരി നിറങ്ങളുള്ള ആ ജീവിതം ഒരു നല്ല രസമാണ് തന്നത്. എല്ലാവരും നന്നായിരിക്കുന്നു അവിടെ ഡെല്‍ഹിയില്‍.
നമ്മള്‍ എവിടെയാണ് പറഞ്ഞു നിര്‍ത്തിയത്? ഓ.. നാലാം ക്ലാസിലെ ലൈനുകളെക്കുറിച്ച് അല്ലെ? ഇത്തിരി കൂടി ബോധം ഉദിച്ചപ്പോള്‍ ഉണ്ടായ ഒരു പൈങ്കിളി കഥയാണ് ഇനി ഞാന്‍ പറയാന്‍ പോകുന്നത്. ഞങ്ങളുടെ നാട്ടില്‍ ഒത്തിരി കോളിളക്കം ഉണ്ടാക്കിയ ഒരു കഥയാണ് ഇതു. എന്‍റെ ആദ്യത്തെ പ്രേമം. ഒരു പക്ഷെ, എന്‍റെ പേര് കേള്‍ക്കുമ്പോള്‍ എന്നെ അറിയാവുന്ന പലരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുക എന്‍റെ ഈ പ്രേമത്തിന്റെ കാര്യം ആയിരിക്കണം. എപ്പോള്‍ എന്‍റെ ഈ പ്രേമം തുടങ്ങി എന്നൊന്നും എനിക്കു കൃത്യമായ ഓര്‍മയില്ല എങ്കിലും, ഞങ്ങള്‍ അങ്ങുമിങ്ങും പ്രേമിച്ചു തുടങ്ങിയപ്പോള്‍ തന്നെ അതിന് ഒരു അവസാനവും ആയി. ഒരു പക്ഷെ തമ്മില്‍ ഇഷ്ടമാണെന്ന് പറയാതെ ഞങ്ങള്‍ പങ്കു വച്ച ആ മൂന്ന് വര്‍ഷങ്ങള്‍ക്കു ഒത്തിരി സന്തോഷം തരാന്‍ ഉണ്ടായിരുന്നു. ഇഷ്ടം പങ്കു വച്ചശേഷം കഷ്ടിച്ച് കുറച്ചു ദിവസങ്ങളെ ഞങ്ങള്‍ പ്രേമിച്ചു നടന്നുള്ളൂ, പിന്നീട് ഒത്തിരി വേദനയോടെ, ഒരിക്കലും പ്രേമിക്കില്ല എന്ന വാശിയോടെ ജീവിതത്തെ നേരിട്ടു ഞാന്‍ - അവള്‍ എന്നെ ചതിയന്‍ എന്ന് വിളിച്ചുകൊണ്ട് മറ്റൊരു പ്രേമത്തിന് തുടക്കം കുറിച്ചപ്പോള്‍. കൂട്ടിനായി, എന്‍റെ പ്രിയ കൂട്ടുകാര്‍ മാത്രം. ആ ഒരു പ്രണയത്തിനും ഒരു ജിമ്മി ടച്ച് ഉണ്ടായിരുന്നു. ഞാന്‍ അവളെ പരിചയപ്പെടുന്നത്‌ വേദോപദേശം ക്ലാസ്സില്‍ വച്ചാണ്, അവള്‍ എന്‍റെ ക്ലാസ്സില്‍ അല്ലായിരുന്നു എങ്കിലും, നീണ്ട മിഡിയും ടോപ്പും അണിഞ്ഞു വന്നിരുന്ന അവളായിരുന്നു അന്നത്തെ താരം. സ്വാഭാവികമായും ഞാനും ജിമ്മിയും(അത്ര താല്പര്യം അവനില്ലായിരുന്നു) അവളുടെ പിറകെ കൂടി. അവളോടൊപ്പം നിഴല്‍ പോലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. എന്‍റെ ഓര്‍മ ശരിയനെന്കില്‍ എനിക്കും ജിമ്മിക്കും ഓരോ ലെറ്റര്‍ കിട്ടി എവളുമാരില്‍ നിന്നും. കൂട്ടുകാരി എനിക്കും നമ്മുടെ താരം ജിമ്മിക്കും. ജിമ്മി അപ്പോളേക്കും ഞങ്ങളുടെ കൂടെ പാടാന്‍ വന്ന കക്ഷിയുമായി നല്ല terms ആയി കഴിഞ്ഞിരുന്നതിനാല്‍ അവന്‍ അത്ര താല്പര്യം കാണിച്ചില്ല, പിന്നീട് എപ്പോളോ ഈ താരം എന്നോട് നല്ല പരിചയത്തിലായി, ഏകദേശം 3 വര്‍ഷം ഞങ്ങള്‍ ഒത്തിരി നല്ല സ്നേഹത്തിലായിരുന്നു. ഞങ്ങള്‍ രണ്ടാള്‍ക്കും അറിയാമായിരുന്നു, ഞങ്ങള്‍ക്കിഷ്ടമയിരുന്നെന്നു,, പക്ഷെ തമ്മില്‍ പറഞ്ഞില്ല. എന്നെ കാണാന്‍ അവളും, അവളെ ക്കാണാന്‍ ഞാനും കാത്തിരുന്നിരുന്നു. ഞങ്ങള്‍ രണ്ടാളും ചേര്‍ത്തലയിലാണ് പഠിച്ചിരുന്നത്. എല്ലാ ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടശേഷം തമ്മില്‍ കാണുക എന്നത് ഒരു ശീലമായി..എല്ലാ ഞായറാഴ്ചയും സംസാരിക്കുന്നത് ഒരു പതിവായി... ഞങ്ങള്‍ രണ്ടാളും CLC യില്‍ വളരെ ആക്റ്റീവ് ആയിരുന്നു അതിനാല്‍ ശനിയാഴ്ചത്തെ രസംകൊല്ലിയും തുടര്‍ന്നു പൊന്നു...അങ്ങുമിങ്ങും പറയാതെ സ്നേഹിച്ച ആ വര്‍ഷങ്ങള്‍....
പിന്നീട് ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു, എന്നെ അവള്‍ സ്നേഹിക്കുന്നെന്നു.. മറുപടി പറയാന്‍ എനിക്കു വാക്കുകള്‍ ഇല്ലായിരുന്നു.. ഒത്തിരി നാള്‍ എന്‍റെ മനസ്സില്‍ ഞാന്‍ വച്ച് താലോലിച്ചിരുന്ന ആ സ്വപ്നം അങ്ങനെ സഫലമായി. അവളുടെ മുന്നില്‍ ഞാനും എന്‍റെ മനസ്സു തുറന്നു.. പിന്നങ്ങോട്ട് ഹൃദയത്തില്‍ തട്ടിയ സ്നേഹം. വീട്ടുകാരും നാട്ടുകാരും അറിഞ്ഞു..പള്ളിയും പട്ടക്കാരും അറിഞ്ഞു.. സ്കൂളും കുട്ടികളും അറിഞ്ഞു...ആരെയും ഒന്നിനെയും പേടിക്കാതെ കുറെ മാസങ്ങള്‍...വീടുകളില്‍ അറിഞ്ഞപ്പോലുള്ള വിലക്കുകള്‍ വകവക്കാതെ ഞങ്ങള്‍ തമ്മില്‍ കാണാന്‍ വഴികള്‍ തിരഞ്ഞു..സ്കൂളില്‍ നിന്നും വരുന്ന അവളെകാണാന്‍ ഇടവഴിയില്‍ സൈക്കിളില്‍ പോയി ഞാനും ജോജിയും കാത്തിരിപ്പായിരുന്നു. ഞാന്‍ സൈക്കിളില്‍ താണ്ടിയ ദൂരത്തിനു കണക്കുണ്ടോ? ജോജി കൂട്ടിരുന്ന സമയത്തിന് കണക്കുണ്ടോ? ഈ ഓര്‍മകള്‍ക്ക് പോലും കണക്കില്ല പിന്നല്ലേ മറ്റു കണക്കുകള്‍...