Wednesday, March 18

ജോജിയുടെ സ്വപ്നം..

നിങ്ങള്‍ വിചാരിക്കുന്നുണ്ടയിരിക്കും ഇപ്പോള്‍ ഈ ജോജി എന്തിനാ എന്റെ കൂടെ ഇത്ര അധികം കഷ്ടപ്പെട്ടത് എന്ന്. അതിന് ഒരു വലിയ കാരണം ഉണ്ട്. ഒന്നുമില്ലാതെ ജോജി ഒന്നിനും കൂടില്ല എന്നുള്ളത് നൂറു തരം അല്ലെ.. എന്റെ താരത്തിനു അതിനിടയില്‍ ഒരു പുതിയ കൂട്ടുകാരി ഉണ്ടായിരുന്നു. ഒരു വെളുത്തു ഉരുണ്ട പൂച്ചക്കണ്ണി. അവന് അവളെ വലിയ ഇഷ്ടമായിരുന്നു. പക്ഷെ നേരിട്ടു പറയാന്‍ അവന് ഭയം. ഞാന്‍ വഴി, എന്‍റെ താരത്തിലൂടെ അവളെ ലൈന്‍ ഇടാനയിരുന്നു ജോജിയുടെ ശ്രേമം. അപ്പോള്‍ പിന്നെ എന്‍റെ കാര്യത്തിനായി അവന്‍ സൈക്കിള്‍ ചവിട്ടിയെ മതിയാവു. പാവം, ഒത്തിരി അവന്‍ എനിക്കു കൂട്ട് വന്നിരുന്നു കേട്ടോ. ഇതിനിടയില്‍, നമ്മുടെ കക്ഷിയോടു പറഞ്ഞു, അവന്റെ ആ പൂച്ചക്കണ്ണിയോട് ഞാന്‍ കാര്യം അവതരിപ്പിച്ചു. അവള്‍ക്കു അവനോടു താല്പര്യം ആയിരുന്നു. പക്ഷെ പൊതുവെ നാണം കുണുങ്ങിയായ ജോജിക്ക് കാര്യങ്ങള്‍ അത്ര എളുപ്പം അല്ലായിരുന്നു. പിന്നെ അവന്റെ അവശ്യ പ്രകാരം ആ പൂച്ചക്കണ്ണിയില്‍ നിന്നും ഒരു പ്രേമലഖനവും ഒപ്പിച്ചു ഞാന്‍ കൊടുത്തു. കുറെ നാള്‍ അവര്‍ കണ്ടു കണ്ടില്ല , കേട്ടു, കേട്ടില്ല എന്ന മട്ടില്‍ നടന്നു, എങ്ങുമെങ്ങും എത്താതെ അതിനും ഒരു പരിസമാപ്തിയായി. ഇതിനിടയില്‍ എന്‍റെ താരത്തിന്റെ വീട്ടില്‍ കാര്യങ്ങള്‍ വഷളായി, അവളെ പള്ളിയിലേക്ക് വിടതെയായി. അങ്ങനെ ഞങ്ങളുടെ കാണല്‍ തീര്ത്തും ഇല്ലാതെയായി. അപ്പോളും അവള്‍ എനിക്കുള്ള കത്തുകള്‍ അവളുടെ വീടിന്റെ അടുത്തുള്ള ഒരാള്‍ വശം എന്നില്‍ എത്തിച്ചിരുന്നു. പരസ്യമായി കണ്ടുകൊണ്ടിരുന്ന ഞങ്ങള്‍ പിന്നെപിന്നെ ഇടവഴികളിലും, മറ്റും കണ്ടു മുട്ടി. ഒരു കത്തെങ്കിലും എത്തിക്കാത്ത ദിവസങ്ങള്‍ വിരളം ആയിരുന്നു. എന്‍റെ കൂട്ടുകാര്‍ ഒത്തിരി എന്നെ സഹായിച്ചു ആ സമയങ്ങളില്‍. ഒരിക്കല്‍ ഞാനും ജോസഫും കൂടി അവളുടെ പള്ളിയില്‍ പെരുന്നാളിന് പോയ കാര്യം ഓര്‍ത്ത് പോകുന്നു. അന്ന് ഞങ്ങള്‍ ഞങ്ങളുടെ ഇഷ്ടം തുറന്നു പറയാതെ പ്രേമിച്ചു നടക്കുന്ന സമയം ആയിരുന്നു. പള്ളിയിലെ പരിപാടികള്‍ കഴിഞ്ഞു പതിയെ അവളുടെ കൂടെ നടന്നു ഞങ്ങള്‍ അവളുടെ വീട്ടില്‍ ചെന്നു. മകളുടെ കൂട്ടുകാരെ അവളുടെ അമ്മ ശരിക്കും സ്വീകരിച്ചു. ആ അമ്മക്കറിയില്ലല്ലോ, ഞങ്ങളുടെ മനസ്സില്‍ പ്രേമം ആണെന്ന്. ഒതിര്‍ നേരം അവിടെ ഇരുന്നു സംസാരിച്ചു, പിന്നെ, കുറെ ഈന്തപഴവും ചായയും കുടിച്ചു ഒത്തിരി വൈകുവോളം അവിടെ ഇരുന്നു സംസാരിച്ചു. പിന്നെ ഞങ്ങള്‍ പതിയെ യാത്ര തിരിച്ചു. രാത്രി നന്നേ വൈകിയിരുന്നു, ഒരു പൂഴിയിട്ട റോഡ് ആയിരുന്നു, അതും കുണ്ടും കുഴിയും ഒക്കെയായി ഒരു റോഡ്. കയ്യില്‍ ഒരു തിരി വെളിച്ചം പോലും ഇല്ലാതെ ആ രാത്രിയില്‍ അപരിചിതമായ വഴിയിലൂടെ ഞാനും ജോസഫും നടന്നു. ജോസഫിന്‍റെ വീട്ടിലെത്താന്‍ ഒരു ചെറിയ ഇടവഴിയുണ്ടായിരുന്നു. ഒരു മണല്‍ക്കുന്നു കയറി, തോട്ചാടിയൊക്കെയാണ് ആ ഇടവഴി നീളുന്നത്. മുകളില്‍നിന്നു, മേഘങ്ങള്‍ക്കിടയിലൂടെ ഒഴുകി വീഴുന്ന നിലാവ് ആ മണല്‍കുന്നുകളെ ആകെ പാല്‍ കുന്നുകള്‍ ആക്കി. ഒരു കുഞ്ഞു പോലും ഇല്ലാത്ത ആ വഴിയിലൂടെ പല വിധ കാര്യങ്ങള്‍ പറഞ്ഞും, പാട്ടുകള്‍ പാടിയും, പിന്നെ ഇടക്കിടെ പേടിച്ചും ഞങ്ങള്‍ ജോസഫിന്‍റെ വീട്ടിലെത്തി. അവിടെ നിന്നും തനിച്ചു വേണം എനിക്കിനി എന്‍റെ വീട്ടിലേക്ക് പോകാന്‍.. എനിക്കാണെങ്കില്‍ നല്ല പേടിയും.. കളത്തില്‍ അമ്പലത്തിന്റെ പരിസരത്ത് കൂടി വേണം എനിക്കിനി പോകാന്‍.. മാത്രവുമല്ല, കളത്തില്‍ അമ്പലം എത്തുന്നതിനു മുന്നേ ഒരു സര്‍പ്പ കാവും ഉണ്ട്. എന്തായാലും രണ്ടും കല്‍പ്പിച്ചു ഞാന്‍ നടന്നു തുടങ്ങി. ഉള്ളില്‍ പ്രാര്‍ത്ഥന ചൊല്ലി ഞാന്‍ നടന്നു..സര്‍പ്പ കാവിന്‍റെ അവിടെ എത്തിയപ്പോള്‍ ഒരൊറ്റ ഓട്ടം. അത് നിന്നത് അമ്പലവും ഒക്കെ കഴിഞ്ഞു എന്തായാലും, ഒരുവിധം കിതച്ചും വിയര്‍ത്തും ഞാന്‍ വീട്ടിലെത്തി.. ഒത്തിരി പേടിച്ചെങ്കിലും, വിയര്‍ത്തെങ്കിലും, ഓടിയെങ്കിലും എന്താ, ഞാന്‍ എന്‍റെ താരത്തിനൊപ്പം അവളുടെ വീട്ടില്‍ പോയില്ലേ എന്ന സന്തോഷത്തില്‍ കിടന്നുറങ്ങി ഞാന്‍ ..

No comments:

Post a Comment