Friday, March 20

മടങ്ങി വരാം ഞങ്ങളിലേക്ക്..

കഴിഞ്ഞ കഥകള്‍ വായിച്ചപ്പോള്‍ നിങ്ങള്‍ ഞങ്ങളില്‍ ഒരാളെക്കൂടി പരിചയപ്പെട്ടു.. ജോജി എന്ന കൂട്ടുകാരന്‍.. ഇതിനിടയില്‍ എപ്പോളോ ഞങ്ങളുടെ മനോജും ഞങ്ങളില്‍ എത്തിപെട്ടു. ഇപ്പോള്‍ ഞങ്ങളുടെ എണ്ണം 6 ആയി. അതായതു, ജിമ്മി, ജോസഫ്, ഷാജി, ജോജി, മനോജ്, പിന്നെ ഞാനും. എല്ലാവരും വൈകുന്നേരങ്ങളില്‍ ഒന്നുകില്‍ പള്ളിമുറ്റം അല്ലെങ്കില്‍ വായനശാലയുടെ മുന്നിലുള്ള റിംഗില്‍ ഒത്തു ചേരുമായിരുന്നു. ഞങ്ങള്‍ എല്ലാവരും തന്നെ ദരിദ്ര നാരായണന്മാര്‍ ആയിരുന്നെങ്കിലും, വീട്ടില്‍ മുതലുള്ള കൂട്ടത്തിലായിരുന്നു, ജിമ്മിയും, ജോജിയും, മനോജും. പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം, ഒക്കെ കാശിന്റെ കാര്യത്തില്‍ കണക്കായിരുന്നു. ശരിക്കും പറഞ്ഞാല്‍, ജിമ്മി ആയിരുന്നു, ഞങ്ങളുടെ സ്പോന്‍സോര്‍. ഒരു 20 രൂപ മതി ഞങ്ങള്ക്ക് അന്ന് ഒരു ദിവസം കഴിയാന്‍, പക്ഷെ, വേണ്ടേ അത്? ഞങ്ങളുടെ സന്തോഷം അവന്‍റെ സന്തോഷമായി കണ്ട ജിമ്മിക്ക് അതിനുള്ള വഴി അറിയാമായിരുന്നു. അവര്‍ക്ക്‌ അന്ന് ഒരു റേഷന്‍ കട ഉണ്ടായിരുന്നു. ജിമ്മിയുടെ ചേട്ടന്മാര്‍ ആയിരുന്നു അവിടെ ഇരുന്നിരുന്നത്, എന്നാല്‍ അവര്‍ക്ക്‌ ഒരു റെസ്റ്റ് കൊടുക്കുന്നതിനായി ജിമ്മി ആ കടയില്‍ ഉച്ചകഴിഞ്ഞ് പോകുമായിരുന്നു. ആ സമയം, അവന്‍ ഞങ്ങള്‍ക്കു വേണ്ട പൈസ ഒപ്പിക്കുവായിരുന്നു. വൈകുന്നേരം പള്ളിമുററത്തു ഞങ്ങള്‍ കൂടുമ്പോള്‍, ജിമ്മിയുടെ വരവിനായി കാത്തിരിക്കും, അവന്‍റെ മുഖം കണ്ടാല്‍ അറിയാം കയ്യില്‍ കാശുണ്ടോ എന്ന്. വന്നുകഴിഞ്ഞാല്‍ ശകലം ജാടയൊക്കെ കാണിച്ചശേഷം, മടിക്കുത്തില്‍നിന്നും കാശെടുത്ത് ഒന്നു വീശി കാണിച്ചിട്ട്, ഒരു ഗ്ലാമര്‍ ചിരി പാസ്സക്കലുണ്ട് ആശാന്‍.. പിന്നെ നേരെ ശശിയുടെ ചായക്കടിയിലെക്കാണ്...അവിടെ ചെന്നു ആവശ്യത്തിനുള്ള പൊറോട്ടയും ബീഫും കഴിച്ചു, ചായയും കുടിച്ചു പുറത്തിറങ്ങും. ആ കടയില്‍ നിന്നുള്ള ജിമ്മിയുടെ ഏക ഡിമാന്‍റ് ചൂടു വെള്ളം കുടിക്കാന്‍ വേണം എന്നതാണ്. പാവം പാട്ടുകാരനല്ലേ, സ്വരം പോയാലോ എന്ന് പേടിച്ചാവണം ആ ചൂടുവെള്ളം കുടിക്കല്‍( പക്ഷെ ദിനേശ് ബീഡി വലിക്കുമ്പോള്‍ സ്വരം പോവില്ലേ? ഓ.. അത് പിന്നെ ദിനേശ് ബീഡി ചൂടുള്ള പുകയല്ലേ തരുന്നത്..പിന്നെങ്ങനെയാ സ്വരം പോകുന്നത്..ഞാന്‍ എന്തൊരു മണ്ടന്‍..) ആ ചായ കുടി കഴിഞ്ഞാല്‍ നേരെ വേലപ്പന്‍ പിള്ളയുടെ കടയില്‍ നിന്നും ഒരു പൊതി ദിനേശ് ബീഡി, 6 wills, എന്നിവയുമായി, ഇണക്കം പോലെ, ഒന്നുകില്‍ വെള്ളിമുറ്റതേക്ക്, അല്ലെങ്കില് രിംഗിലേക്ക്.. ഒരു 8 മണി വരെ അങ്ങനെ വെടി പറഞ്ഞും, ബീഡി വലിച്ചും കഴിച്ചു കൂട്ടും. ഭൂമിക്കു താഴെയുള്ള സകല വിഷയങ്ങളും ഞങ്ങള്‍ സംസാരിക്കും..കവിതകള്‍ ചൊല്ലും..മാര്‍ക്കറ്റില്‍ പോകുന്നം അമ്പിളി, ലത, ഇത്യാദി താരങ്ങളെ നോക്കി വെള്ളമിറക്കും... നിമിഷ നേരങ്ങള്‍ കൊണ്ടു കവിതകള്‍ ഉണ്ടാക്കി പാടും...പിന്നെ വലിയ വലിയ എടുത്താല്‍ പൊങ്ങാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു നേരംകളയും... ഇതിനിടയില്‍ ചിലപ്പോഴൊക്കെ ഭാവിയെക്കുറിച്ചും, ഒന്നിച്ചു ഒരു വലിയ കോമ്പൌണ്ടില്‍ 6 വലിയ വീട്ടില്‍ ജീവിക്കുന്ന ഞങ്ങളെ ക്കുറിച്ചും സംസാരിക്കാറുണ്ടായിരുന്നു.. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പില്‍ നടന്ന ഈ കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒത്തിരി വിഷമം തോന്നാറുണ്ട്..ഒരു 7 ശരീരവും ഒരു മനസ്സുമായി നടന്ന ഞങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടു പല വഴിക്കാണ്..എങ്കിലും ഒരാശ്വാസം ഉണ്ട്..ആരും തന്നെ നശിച്ചു പോയില്ല.. എല്ലാവരും തന്നെ നല്ല രീതിയില്‍ ജീവിക്കുന്നു... ഞങ്ങള്‍ ഏഴ് പേരില്‍ നാല്പേര്‍ ഞങ്ങളുടെ നാട്ടില്‍ തന്നെ സ്ഥിര താമസം. ഒരാള്‍ ചെറിയ ബിസിനസ്സ് നടത്തുന്നു(ഭാര്യയും ഒരു കുട്ടിയും ഉണ്ട്).. മറ്റു മൂന്ന് പേര്‍ നല്ല കമ്പനികളില്‍ ജോലി ചെയ്യുന്നു, കുടുംബത്തോടൊപ്പം നാട്ടിലെ പ്രേമാണിമാരായി വിലസുന്നു. ഒരാള്‍ ബോംബെയില്‍, കുടുംബ സമേതം, ഒരാള്‍ ഓസ്ട്രലിയായില് കുടുംബ സമേതം, ഞാന്‍ തല്ക്കാലം നാട്ടില്‍ ഉണ്ടെന്‍കിലും കുടുംബ സമേതം ഡെല്‍ഹിയില്‍ ആണ്. എപ്പോഴും ആ ഗതകാല സ്മരണകള്‍ എന്നെ വിഴുങ്ങാറുണ്ട്. ഇത്രയും നല്ല കൂട്ടുകാരെ എനിക്ക് കിട്ടിയതില്‍ ഞാന്‍ തമ്പുരാന് നന്ദി പറയുന്നു.. അവരുടെ നന്മക്കായി പ്രാര്‍ത്ഥിക്കുന്നു. എല്ലാവരും അവരവരുടേതായ മേഘലകളില്‍ ബിസി ആണ് എന്നെനിക്കറിയാം..എങ്കിലും, പഴയ GYPSY'S നു ചരമഗീതം പാടല്ലേ എന്ന് ആശിക്കുന്നു..

No comments:

Post a Comment