Friday, February 6

ഒരു വലിയ തെറ്റും, ചെറിയ ശിക്ഷയും..

ഈ സംഭവം നടന്നത് എന്നാണ് എന്ന് ഞാന്‍ കൃത്യമായിട്ട്‌ ഓര്‍ക്കുന്നില്ല, എങ്ങിലും ഒരു വേനല്‍ അവുധി കാലത്തായിരുന്നു എന്ന് നല്ല ഓര്‍മയുണ്ട്. മേയ് മാസം, പള്ളിപ്പുറം പള്ളിയുടെ കിഴക്ക് കായല്‍ തീരത്തുള്ള കപ്പേളയില്‍ മാതാവിന്റെ വണക്ക മാസം ഉണ്ടായിരുന്ന ഒരു പതിവുണ്ട്. അന്നു, ഞങ്ങള്‍, എന്നുവച്ചാല്‍, ജിമ്മി, ഷാജി, ഞാന്‍ പിന്നെ കിഴക്കേ ഭാഗത്തുള്ള വേറെ കുറെ ചങ്ങാതിമാര്‍ എല്ലാവരും ആ പരിപാടിക്കായി പോകും. എനിക്കവിടെ രണ്ടാണ് പരിപാടി, ഒന്നു കപ്പ്യാരായിട്ടു, അച്ചനെ കപ്പേളയില്‍ സഹായിക്കുക, മറ്റൊന്ന്, ഈ കൂട്ടുകാരുമായി അവിടെ കളിച്ചു നടക്കുക. അന്നു ഞങ്ങളുടെ ഇടയില്‍ ഞങ്ങളെക്കാള്‍ ഒരല്പം മുതിര്ന്ന ബാബു എന്ന് പേരുള്ള ഒരു കൂട്ടുകാരന്‍ കടന്നു വന്നു. ആള്‍ ഒരല്പം പിശകയിരുന്നു.. പുള്ളിക്കാരന്‍ അന്നു ബീഡിയൊക്കെ വലിക്കുമായിരുന്നു,, കൂട്ടിനു ഞങ്ങളെയും കൂട്ടുമായിരുന്നു.. ഞങ്ങള്‍ കിഴക്കേ കപ്പെളയിലെ പരിപാടി കഴിഞ്ഞു തിരികെ വരുമ്പോള്‍, ഞാന്‍ ധൂപക്കുറ്റി വീശികൊണ്ട് വരും, തീ കെടാതിരിക്കാനായി.. കാരണം അതില്‍ നിന്നും വേണം ബാബുവിന് ബീഡി കത്തിക്കാന്‍.. ഇടക്കൊക്കെ ഞങ്ങള്‍ക്കും ബീഡിയുടെ ഷെയര്‍ തന്നിരുന്നു..
ഒരു ദിവസം, കിഴക്കേ കപ്പെളയിലെ പരിപാടി കഴിഞ്ഞു വരുന്ന വഴി, ബാബു പറഞ്ഞു, സ്കൂളില്‍ കയറി, ഒരു സിസ്റ്റര്‍ നെയും , സാറിനെയും ചേര്ത്തു അനാവശ്യം എഴുതാം എന്ന്.. ആദ്യമൊക്കെ ഞങ്ങള്‍ മറുത്തു പറഞ്ഞെന്കിലും, പിന്നീട് ഞങ്ങള്‍ സ്കൂളിന്റെ ജനല്‍ തുറന്നു അകത്തു കയറി, കരി കൊണ്ടു ആ പരിപാടി സാധിച്ചു. അന്നു ഞാനും, ജിമ്മിയും, ഷാജിയും ഉണ്ടായിരുന്നു ബാബുവിന്റെ കൂടെ കൂട്ടിനായി.. പിറ്റേ ദിവസം 2 സിസ്റ്റര്‍മാര്‍ വീട്ടില്‍ വന്നു, അമ്മച്ചിയോട്‌ കാര്യം പറഞ്ഞു. ഷാജിയുടെ വീട്ടിലും സംഭവം അറിഞ്ഞു, പിന്നെ നമ്മള്‍ എല്ലാവരുടെയും പേരുകള്‍ കൃത്യമായി പറഞ്ഞു കൊടുത്തു. പിറ്റേ ദിവസം വികാരി അച്ചനെ കാണണം എന്നും പറഞ്ഞിട്ട് അവര്‍ പോയി. അന്നു വീട്ടില്‍ നിന്നും കേട്ട വഴക്കിനും തല്ലിനും ഒരു കണക്കില്ല കേട്ടോ.. പിറ്റേ ദിവസം പള്ളിയില്‍ ചെന്നപ്പോളാണ്‌ അറിഞ്ഞത്, ജിമ്മി, കടുത്തുരുതിക്ക് പോയെന്ന്. ഞങ്ങളെ മൂന്ന് പേരെയും അച്ചന്റെ മുറിയുടെ മുന്‍പില്‍ ഉണ്ടായിരുന്ന ഒരു കര്‍ത്താവിന്റെ രൂപത്തിന് മുന്നില്‍ കൈ വിരിച്ചു പിടിപ്പിച്ചു നിര്‍ത്തീട്ട്, സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലിച്ചു.. കൂടാതെ നല്ല ഈര്‍ക്കിലി കൊണ്ടുള്ള അടിയും. രണ്ടു കാര്യത്തിലാണ് അന്നു എനിക്കു വിഷമം ആയതു,, ഒന്നു ഇച്ചാച്ചന്‍ കണ്ടു നില്‍ക്കെ പുതുശേരി അച്ചച്ചന്റെ അടിയും വഴക്കും, മറ്റൊന്ന് ജിമ്മി ഭാഗ്യവശാല്‍ ഈ ശിക്ഷയില്‍ നിന്നും രക്ഷപെട്ടതും. എന്തായാലും ആ സംഭവത്തിനു ശേഷം ബാബുവുമായി അധികം കൂട്ടിനു ഞങ്ങള്‍ പോകാറില്ലായിരുന്നു.. ഇപ്പോള്‍ ആ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അന്നു കിട്ടിയ ശിക്ഷ എത്രയോ ചെറുതായിരുന്നു എന്ന് ആലോചിച്ചു പോവുകയാണ്. രണ്ടു വ്യക്തികളുടെ സ്വഭാവഹത്യയാണ്‌ ഞങ്ങള്‍ അന്നു നടത്തിയത്. അതും അവരെക്കുറിച്ചു ഒന്നും അറിയാതെ....

2 comments:

Anonymous said...

keep writting siby...

Anonymous said...

Really Good.

Post a Comment