Tuesday, February 10

ജോസഫിന്‍റെ കുളി


ഞങ്ങളുടെ പള്ളിയിലെ എന്ത് പരിപാടി ഉണ്ടായാലും അന്നൊക്കെ ഞങ്ങളുടെ ഒരു പരിപാടി അതില്‍ ഉണ്ടാകുമായിരുന്നു. ജോസ് ലിന്‍ സിസ്റ്റര്‍ എഴുതി പഠിപ്പിച്ച എത്രയോ നാടകങ്ങള്‍ ഞങ്ങള്‍ കളിച്ചിരിക്കുന്നു. അന്നൊരിക്കല്‍ മറ്റൊരു നാടകത്തിന്‍റെ practice നു ശേഷം, ഞാനും, ജിമ്മിയും, ജോസഫും കൂടി തിരികെ പോരുകയായിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി ഒന്നു കുളിക്കണം എന്ന്. പള്ളിയുടെ തെക്കു വശത്തായി, എന്‍റെ കുടുംബ വീടിനു മുന്നില്‍ ഒരു വലിയ കുളം ഉണ്ടായിരുന്നു. ഇന്നു ആ കുളത്തിന്‍റെ മുകളിലാണ് പാരിഷ് ഹാള്‍ മഴയൊക്കെ പെയ്തു, നറഞ്ഞു കിടക്കുന്ന കുളം. കുളം നിറയെ നല്ല നനുനനുത്ത പച്ച പായല്‍ തരികള്‍ ഞാന്‍ കുടുംബ വീട്ടില്‍ നിന്നും ഒരു തോര്‍ത്ത്‌ ആരും കാണാതെ സംഘടിപ്പിച്ചു കൊണ്ടുവന്നു. ആദ്യം ആ തോര്‍ത്തും ചുറ്റി, നിക്കറും ഷര്‍ട്ടും കരക്കൂരിവച്ചു ജിമ്മി കുളത്തിലേക്ക് ഒരു ചട്ടം. കുളത്തില്‍ എത്തിയ ഉടനെ തോര്‍ത്ത്‌ വീണ്ടു കരയിലേക്ക് വലിച്ചെറിഞ്ഞു തന്നു ജിമ്മി. അടുത്തത് എന്‍റെ ഊഴമായിരുന്നു. ഞാനും നിക്കറും ഷര്‍ട്ടും ഊരിവച്ചു കുളത്തിലേക്ക് ഒരു ചാട്ടം .. വീണ്ടും പഴയ പോലെ തോര്‍ത്ത്‌ കരയില്‍ നില്ക്കുന്ന ജോസഫിന്‍റെ കൈകളിലേക്ക് വലിച്ചെറിഞ്ഞു കൊടുത്തു. ഞങ്ങള്‍ രണ്ടാളും കുളത്തില്‍ കിടന്നു പതക്കുകയായിരുന്നു. ജോസഫിന്‍റെ കൈയ്യില്‍ തോര്‍ത്ത്‌ കിട്ടിയിട്ടും അവന്‍ കുളത്തില്‍ ഇറങ്ങിയില്ലായിരുന്നു അതുവരെ. ഞങ്ങള്‍ രണ്ടാളും കൂടി അവനെ കളിയാക്കാന്‍ തുടങ്ങി. അവനാണെങ്കില്‍ കുറേശ്ശെയായി അരിശവും വന്നു തുടങ്ങി. ഞാന്‍ പതിയെ കരയില്‍ എത്തി അവിടിരുന്നു കളിയാക്കാന്‍ തുടങ്ങി,, ജിമ്മി കുളത്തിന്‍റെ നടുക്ക് പതച്ചു നിന്നുകൊണ്ടും അവനെ കളിയാക്കാന്‍ തുടങ്ങി. അപ്പോളുണ്ടല്ലോ പെട്ടെന്ന് തന്നെ തുണി മാറി തോര്‍ത്തുടുത്ത്‌ കുറച്ചു ദൂരെ നിന്നു ഓടി വന്നു ജോസഫ് കുളത്തിലേക്ക് ഒരു ചാട്ടം. അവന്‍ ചെന്നെത്തിയത്, ഏകദേശം കുളത്തിന്‍റെ നടുക്കായിരുന്നു. ഇവന്‍ കരയില്‍ നിന്നും ഓടി വരുന്നതു കണ്ടു, ജിമ്മി ഇത്തിരി കൂടി പിറകിലേക്ക് നീന്തി മാറി. ഞാനാനെകില്‍ കരയിലും. ജോസഫ് കുളത്തിന്‍റെ ഒത്ത നടുവില്‍ ലാന്‍ഡ്‌ ചെയ്തു .. പിന്നെ കാണുന്നത് വെള്ളം കുടിച്ചുകൊണ്ട്, മുങ്ങുകയും പൊങ്ങുകയും ചെയ്യുന്ന ജോസഫിനെയാണ്. ആദ്യം കരുതി അവന്റെ നമ്പര്‍ ആണെന്ന്..പക്ഷെ പിന്നെ മനസിലായി, അത് നമ്പര്‍ അല്ല, ശരിക്കുംമുങ്ങുക യാണെന്ന്. ഉടനെ ഞാനും വെള്ളത്തിലേക്ക്‌ ചാടി, ജിമ്മിയും ചേര്‍ന്ന്, പിടിച്ചു കരക്ക്‌ വയറ്റി, കുടിച്ച വെള്ളം മുഴുവന്‍ പുറത്തെടുത്തു .കരയില്‍ കിടന്നു വായില്‍ നിന്നും വെള്ളം ശര്ദിക്കുന്ന ആ ജോസഫിനെ മറക്കാന്‍ ഇന്നുവരെ ഞങ്ങള്‍ക്കയിട്ടില്ല. ഞങ്ങള്‍ അവനോടു ചോദിച്ചു, "നിനക്കു നീന്താന്‍ അറിയില്ലയെന്കില്‍ പിന്നെ എന്തിനാ നീ കുളത്തില്‍ ചാടിയത്‌?" പാവം പറയുവാ " നിങ്ങള്‍ കളിയാക്കിയപ്പോള്‍ സഹിച്ചില്ല, ഞാന്‍ ചാടി" എന്ന്. ഇപ്പോഴും അവനെ ഞങ്ങള്‍ വെള്ളം കാണുമ്പൊള്‍ ഇതും പറഞ്ഞു കളിയാക്കും. പക്ഷെ അന്ന് അവന്‍ പറയാതെ പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു.. ഞങ്ങളെ അവന് അത്ര വിശ്വാസമാണ് എന്ന്. അവന്‍ പറഞ്ഞില്ലെന്കിലും ഞങ്ങള്‍ അത് മനസിലാക്കിയിരുന്നു...


(നാളെ..ചെറുപ്പത്തിലെ ഞങ്ങളുടെ ചെറിയ പ്രേമങ്ങള്‍....)

1 comment:

Anonymous said...

Siby, Your memmory Power is Great.keep it up.

Post a Comment